അബുദാബി- റിയല്‍ എസ്റ്റേറ്റ് മേഖലയെ മാന്ദ്യത്തെ തുടര്‍ന്നുണ്ടായ വിലയിടിവ് മൂലം ദുബായ്, അബുദാബി നഗരങ്ങളിലെ ജീവിതച്ചെലവ് നന്നേ കുറഞ്ഞതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ വിദേശികള്‍ ഉയര്‍ന്ന ജീവിതച്ചെലവില്‍ താമസിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇരുനഗരങ്ങളുടെ സ്ഥാനം താഴേക്ക് പോകാന്‍ ഇടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ആഗോള കണ്‍സള്‍ട്ടന്‍സി മെര്‍സര്‍ നടത്തി വാര്‍ഷിക സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം ദുബായ് 21 ല്‍നിന്ന് 23 ാം സ്ഥാനത്തേക്ക് നീങ്ങിയിരുന്നു. എങ്കിലും പശ്ചിമേഷ്യയിലെ ഏറ്റവും ചെലവേറിയ നഗരമെന്ന സ്ഥാനം ദുബായ് നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 33 ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി ഈ വര്‍ഷം 39 ലേക്ക് താഴ്ന്നുവെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
ഭവനനിര്‍മാണം, ഗതാഗതം, ഭക്ഷണം, വസ്ത്രം, ഗാര്‍ഹിക ഉപകരണങ്ങള്‍, വിനോദം എന്നിവയുള്‍പ്പെടെ 10 വിഭാഗങ്ങളിലായി നൂറുകണക്കിന് ഇനങ്ങളുടെ ചെലവില്‍ ന്യൂയോര്‍ക്ക് നഗരവുമായി താരതമ്യം ചെയ്താണ് 209 നഗരങ്ങളുടെ റാങ്കിംഗ് ചെലവ് കണക്കാക്കുന്നത്. കറന്‍സി മൂല്യങ്ങളിലെ വ്യതിയാനങ്ങള്‍, ചരക്കുകളുടെയും സേവനങ്ങളുടെയും വിലക്കയറ്റം, താമസച്ചെലവിലെ അസ്ഥിരത തുടങ്ങിയ ഘടകങ്ങളെ പരിഗണിച്ച് മെര്‍സര്‍ തയാറാക്കിയ റിപ്പോര്‍ട്ട് അന്താരാഷ്ട്ര കമ്പനികള്‍ക്ക് കീഴിലെ വിദേശ ജീവനക്കാരുടെ പാക്കേജുകളുടെ വില നിര്‍ണയിക്കാന്‍ സഹായകമാകും.
കോവിഡ് 19 വ്യാപനം മൂലമുണ്ടായ വില വ്യതിയാനങ്ങള്‍ കാര്യമായിരുന്നില്ലെന്ന് സ്ഥിരീകരിക്കാന്‍ മെര്‍സല്‍ മാര്‍ച്ചില്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ വിശകലനം നടത്തുകയും ചെയ്തു. കൊറോണ വൈറസ് കാരണം കുറഞ്ഞ എണ്ണവിലയുടെ സാമ്പത്തിക ആഘാതം പരിമിതപ്പെടുത്താന്‍ ചില ഉല്‍പ്പന്നങ്ങളുടെ പരമാവധി വില നിര്‍ണയിക്കല്‍ പോലുള്ള നടപടികള്‍ യു.എ.ഇ കൈകൊണ്ടിട്ടുണ്ട്.






