റിയാദ്- യുഎഇയിലെ പോലെ സൗദി അറേബ്യയിൽ ഓൺലൈൻ ടിക്കറ്റ് സൗകര്യമേർപ്പെടുത്താൻ സൗദി അറേബ്യയിൽ സാങ്കേതിക തടസ്സമുണ്ടെന്ന് റിയാദ് എയർ ഇന്ത്യ മാനേജർ മാരിയപ്പൻ മലയാളം ന്യൂസിനോട് പറഞ്ഞു. നിലവിലെ അവസ്ഥയിൽ അത്് ഇവിടെ സാധിക്കില്ല. കൂടുതൽ ഉദ്യോഗസ്ഥരും സംവിധാനങ്ങളും അതിനാവശ്യമായി വരും. അവ ഏർപ്പെടുത്താൻ ഇനി സമയവുമില്ല. നിലവിലെ പരിമിത സൗകര്യങ്ങളിൽ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.ടിക്കറ്റ് വിതരണം സുഗമമാക്കാൻ പല പദ്ധതികളും നടപ്പാക്കി നോക്കിയിരുന്നു. ഓഫീസിനോട് ചേർന്ന ഭാഗത്ത് അത്യാവശ്യക്കാർക്ക് ഇരിക്കാൻ സൗകര്യമേർപ്പെടുത്തിയപ്പോൾ എല്ലാവരും വന്ന് അവിടെ തടിച്ചുകൂടാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയപ്പോൾ ടോക്കൺ കിട്ടിയവരാരും ഓഫീസ് പരിസരം വിട്ടുപോയില്ല. എല്ലാവരും ഓഫീസിന് സമീപം തന്നെ കൂടി നിൽക്കുകയായിരുന്നു. അതിനാൽ ടോക്കൺ കൊണ്ട് പ്രയോജനമുണ്ടായില്ല. പിന്നീട് പുറത്ത് ഒരു മീറ്റർ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് അടയാളമിട്ടു നൽകി. പക്ഷേ ആരും അതും ഗൗനിക്കുന്നില്ല. ആൾക്കൂട്ടമുണ്ടായതിനാൽ പോലീസും ബലദിയ ഉദ്യോഗസ്ഥരുമെത്തി. ഒരു ദിവസം 250 പേർക്കാണ് ടിക്കറ്റ് നൽകുന്നത്. എല്ലാവരും സഹകരിക്കുകയാണെങ്കിൽ 300 പേർക്ക് വരെ ടിക്കറ്റ് നൽകാനാവും. ഏറെനേരം വെയിൽ കൊള്ളുന്നതിന്റെ പ്രയാസം മനസ്സിലാക്കുന്നു. പക്ഷേ തിരക്കൊഴിവാക്കാൻ ചില സെക്ടറുകളിലേക്കുള്ളവരോട് അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടാൽ അവരും അനുസരിക്കുന്നില്ല. ടിക്കറ്റ് വിതരണം അതിന്റെ പൂർണ കപ്പാസിറ്റി തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലേക്ക് കൂടുതൽ സർവീസുകളുള്ളതിനാൽ മലയാളികൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.ഒരു ദിവസം ഒന്നിൽ കൂടുതൽ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചതിനാൽ ടിക്കറ്റ് വിതരണം ചുരുങ്ങിയ സമയത്തിനകം പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ പ്രത്യേക സെക്ടറുകൾക്ക് പ്രത്യേക ദിവസം നിശ്ചയിക്കാനാവില്ല. അതേസമയം ഇന്ത്യൻ എംബസി ഓഡിറ്റോറിയം ടിക്കറ്റ് വിതരണത്തിന് താത്കാലികമായി ഉപയോഗിച്ചുകൂടെയെന്ന ചോദ്യത്തിന് അക്കാര്യം എംബസിയാണ് തീരുമാനിക്കേണ്ടതെന്ന് മാരിയപ്പൻ പറഞ്ഞു.






