ചിരഞ്ജീവി മരിച്ചോ? ആദരാഞ്ജലി നേര്‍ന്ന് അമളി പറ്റി ശോഭാ ഡേ

മുംബൈ-കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകര0 തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ ചിത്രമായിരുന്നു ഡേ പങ്കുവച്ചത്. 'മറ്റൊരു താരം കൂടി വിട്ടുപിരിഞ്ഞു. തീരാ നഷ്ടമാണിത്. കുടുംബാംഗളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു' ഇതായിരുന്നു ചിത്രത്തിനൊപ്പം ഡേ പങ്കുവച്ച കുറിപ്പ്.
ചലച്ചിത്ര താരം മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ  മരണവാര്‍ത്തയുടെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളും ആരാധകരും. 
താരത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. എന്നാല്‍, താരത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭ ഡേ പങ്കുവച്ച ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. സംഭവം കമന്റുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ഡേ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍, അതിനോടകം തന്നെ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിരഞ്ജീവി സര്‍ജ ഞായറാഴ്ചയാണ് മരിച്ചത്.
രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷ0 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചാണ് മേഘ്‌നയും സര്‍ജയും വിവാഹിതരായത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. തമിഴ് നടന്‍ അര്‍ജ്ജുന്‍ സര്‍ജയുടെ അനന്തരവനാണ് ചിരഞ്ജീവി സര്‍ജ. ഭാര്യ മേഘ്‌ന 3 മാസം ഗര്‍ഭിണിയായിരിക്കെയാണ് സര്‍ജ മരിച്ചത് എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. 

Latest News