ജിദ്ദ - കോവിഡാനന്തര കാലം മുമ്പെങ്ങും ലോകം പരിചയിച്ചിട്ടില്ലാത്ത പുതിയ തരം വെല്ലുവിളികളും അതേസമയം അതിനൂതന സാധ്യതകളുമാണ് തുറന്നു വെച്ചിരിക്കുന്നതെന്ന് എഴുത്തുകാരനും ഖത്തർ കൾച്ചറൽ ഫോറം പ്രസിഡന്റുമായ ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ലോക്ഡൗൺ ടോക്ക് സീരീസിലെ രണ്ടാം സെഷനിൽ കോവിഡാനന്തര കാലം വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവും. നിക്ഷേപ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖല അടിമുടി പുതിയ സാങ്കേതിക വിദ്യകളിലധിഷ്ഠിതമാവും. സ്വയം സംരംഭകത്വവും അഭിരുചികൾ തിരിച്ചറിഞ്ഞുള്ള അവസരങ്ങൾ കണ്ടെത്തുക എന്നതും കോവിഡാനന്തര കാലത്തെ അനിവാര്യതയാവും. ലോക്ഡൗൺ അവസരമായി ഉപയോഗപ്പെടുത്തിയവർ പ്രവാസികളിൽ ധാരാളമുണ്ട്. മാറിയ കാലത്തെ സാധ്യതകൾ മനസിലാക്കി കഠിനാധ്വാനവും നിരന്തര പരിശ്രമങ്ങളും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ചോദ്യേത്തര വേള ഉമറുൽ ഫാറൂഖ് നിയന്ത്രിച്ചു. സൂം ഓൺലൈനിൽ നടന്ന പരിപാടിക്ക് അമീൻ ഷറഫുദീൻ, മുഹമ്മദ് താഹ എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.