ഗൗരി വധക്കേസില്‍ നിര്‍ണായകമായി ദൃക്‌സാക്ഷി മൊഴി; സിസിടിവി ദൃശ്യങ്ങള്‍ യുഎസിലേക്കയച്ചു

ബെംഗളൂർ- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായകമായി പുതിയ സാക്ഷി മൊഴി. ഗൗരി കൊല്ലപ്പെട്ട ദിവസം അവരുടെ വീടിനു സമീപം ഹെല്‍മെറ്റ് ധരിച്ച രണ്ട് പേര്‍ ബൈക്കില്‍ എത്തിയത് കണ്ടെന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇവര്‍ തന്നെ കണ്ടിരുന്നുവെന്നും അപായപ്പെടുത്തുമെന്ന ഭയത്താല്‍ നഗരം വിട്ടു പോകുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

 

കേസില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നതായും സൂചനയുണ്ട്. ഗൗരിയെ കൊലപ്പെടുത്തിയ സംഘവുമായി ഏറെ സാമ്യങ്ങളുള്ള നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയെ കസ്റ്റ്ഡയില്‍ വിട്ടു കിട്ടാനും പ്രത്യേക അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്. സനാതന്‍ സന്‍സ്ഥയ്ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തുവെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

 

അതിനിടെ, ഗൗരി വധക്കേസില്‍ നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി യുഎസിലെ ഡിജിറ്റല്‍ ലാബിലേക്കയച്ചു. വിവിധ ചിത്രങ്ങളും ഗൗരിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ളവയാണ് അയച്ചത്. ഇതു വലുതാക്കി ദൃശ്യങ്ങളില്‍ ഉള്ള ആളുകളെ വ്യക്തമായി തിരിച്ചറിയാനാണിത്.  കൊലപാതകം നടന്ന സെപ്തംബര്‍ അഞ്ചിനു മുമ്പുള്ള ഏതാനും ദിവസങ്ങളിലെ വിവിധ സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്

Latest News