ലണ്ടന്‍- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക് ഡൗണും നിയന്ത്രണങ്ങളുമാണ് കോടിക്കണക്കിനാളുകളുടെ ജീവന് രക്ഷിച്ചതെന്നും ഇപ്പോള്‍ ലഘൂകരിക്കുന്നത് വലിയ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നതെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച രണ്ട് അന്താരാഷ്ട്ര പഠനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു.
മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഉപേക്ഷിച്ചാല്‍ കോവിഡിന്റെ രണ്ടാമത്തെ തരംഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്- ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഗവേഷകരുടെ പഠനത്തിന് സഹനേതൃത്വം നല്കിയ സമീര്‍ ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യങ്ങള്‍ അടച്ചിട്ടതുമൂലമുള്ള സാമ്പത്തിക ആഘാതത്തില്‍ ആശങ്ക വര്‍ധിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു തുടങ്ങിയിരിക്കയാണ്.
11 യൂറോപ്യന്‍ രാജ്യങ്ങളിലെ ലോക്ഡൗണുകളുടെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ഫലം ഇംപീരിയല്‍ പഠനത്തില്‍ വിശകലനം ചെയ്തു. കോവിഡ് വ്യാപനം തടയുന്നതില്‍ ഇവക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞുവെന്നാണ് കണ്ടെത്തിയത്. അണുബാധയുടെ സമ്പര്‍ക്ക വ്യാപന നിരക്ക് തീര്‍ത്തും ഇല്ലാതാക്കാനാണ് നിയന്ത്രണങ്ങള്‍ കൊണ്ട് സാധിച്ചത്.
ഭീഷണി അവസാനിച്ചുവെന്നും സമൂഹ പ്രതിരോധം കൈവരിച്ചുവെന്നുമുള്ള വാദങ്ങള്‍ ഡോ. സമീര്‍ ഭട്ട് തള്ളി. ഇപ്പോഴും നാം പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ മാത്രമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ഓസ്ട്രിയ, ബെല്‍ജിയം, ബ്രിട്ടന്, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നോര്‍വേ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മെയ് തുടക്കത്തോടെ മൊത്തം 12 മുതല്‍ 15 ദശലക്ഷം പേരെ കോവിഡ് ബാധിച്ചുവെന്നാണ് ഇംപീരിയല്‍ പഠനത്തില്‍ കണക്കാക്കിയത്. ഈ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ നാലു ശതമാനമാണിത്.
ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു കൊണ്ടാണ് 31 ലക്ഷം മരണങ്ങള് ഒഴിവാക്കാന്‍ കഴിഞ്ഞതെന്ന് പഠനത്തില്‍ പറയുന്നു.
ഇംപീരിയല്‍ സ്റ്റഡിയോടൊപ്പം നേച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച
അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ രണ്ടാമത്തെ പഠനത്തിലും രോഗ വ്യാപനം തടയുന്നതില്‍ ലോക്ഡൗണും നിയന്ത്രണങ്ങളും ചെലുത്തിയ സ്വാധീനമാണ് എടുത്തു പറയുന്നത്.
ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ ലോക്ഡൗണ്‍ നടപടികള്‍ 530 ദശലക്ഷം കോവിഡ് കേസുകള്‍ തടയുകയോ വൈകിക്കുകയോ ചെയ്തതായി കണക്കാക്കുന്നു.
ഈ ആറ് രാജ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യു.എസ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിയന്ത്രണങ്ങള്‍ക്കു മുമ്പും ശേഷവും ശ്വാസകോശ അണുബാധയിലുണ്ടായ വര്‍ധനയാണ് വിശകലനം ചെയ്തത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പ് കോവിഡ് ബാധ ഇറാനില്‍ ദിവസം 68 ശതമാനവും മറ്റ് അഞ്ച് രാജ്യങ്ങളില്‍ ശരാശരി 38 ശതമാനവും വര്‍ധിച്ചുവെന്നാണ് കണ്ടെത്തിയത്.
നിയന്ത്രണ നയങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്ഥിതി വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രണ്ടാമത്തെ പഠനത്തിന് നേതൃത്വം നല്കിയ സോളമന് ഹിയാങ് പറഞ്ഞു.






