ദുബായ്- എമിറേറ്റ്സ് ബീച്ചുകളില്‍ കോവിഡ് 19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതില്‍ ദുബായ് പോലീസ് ഒരു ദിവസം 221 പേര്‍ക്ക് പിഴ ചുമത്തി. മെയ് 30 ന് ദുബായ് ബീച്ചുകള്‍ വീണ്ടും തുറന്നതിന് ശേഷം 316 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബായ് പോര്‍ട്ട്സ് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍മദനി അറിയിച്ചു.
ഇളവുകള്‍ക്ക് ശേഷം ദുബായ് ബീച്ചുകളില്‍ ആയിരക്കണക്കിന് പേരാണ് എത്തുന്നത്. ഇവരില്‍ പലരും സുരക്ഷിത അകലം പാലിക്കാതെ ബീച്ചുകളില്‍ ഇരിക്കുന്നത്. തുറന്ന ആദ്യ ആഴ്ചയില്‍, മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് പോലീസ് പട്രോളിംഗ് നടത്തിയിരുന്നു. മാസ്ക് ധരിക്കുന്നതിനെ കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും പോലീസ് സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ച പിന്നിട്ടതിന് ശേഷമാണ് പോലീസ് പിഴ ചുമത്താന്‍ തുടങ്ങിയത്. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവര്‍ക്ക് മേല്‍ 3,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. അഞ്ചില്‍ കൂടുതല്‍ പേര് ഗ്രൂപ്പുകളായി ഒത്തുചേരുന്നതിനെതിരെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി കേണല്‍ സഈദ് അല്‍മദനി പറഞ്ഞു.






