ദുബായ്- ഒരു ദിവസത്തെ വിസ കാലാവധിയുള്ളയാള്‍ക്ക് പോലും യു.എ.ഇയിലേക്ക് മടങ്ങിവരാമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൂന്നുമാസ വിസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ആശങ്ക വേണ്ടെന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി.
വിദേശ രാജ്യത്തേക്ക് മടങ്ങാന്‍ മൂന്നു മാസ കാലാവധി നിര്‍ബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ആശങ്കയും പ്രതിഷേധവും ശക്തമായിരുന്നു.
ഇക്കാര്യം കേന്ദ്ര അധികൃതരെ അറിയിച്ചിരുന്നെന്നും പ്രവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്നും വിപുല്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി തീര്‍ന്നവര്‍ക്കുപോലും ഡിസംബര്‍ 31 വരെ സമയപരിധി യു.എ.ഇ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം എമിഗ്രേഷന്‍ അധികൃതരെ അറിയിക്കുമെന്നും പ്രവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും വിപുല്‍ വ്യക്തമാക്കി.






