ജിദ്ദയിൽ ക്വാറന്റൈനുകളിൽ ജോലി ചെയ്തിരുന്നവരെ ഫീൽഡ് ആശുപത്രിയിൽ നിയമിച്ചു

കൊറോണ രോഗികളുടെ ചികിത്സക്ക് ഉത്തര ജിദ്ദയിൽ ജിദ്ദ എക്‌സിബിഷൻ സെന്ററിൽ ജിദ്ദ ആരോഗ്യ വകുപ്പ് സ്ഥാപിച്ച ഫീൽഡ് ആശുപത്രി 

ജിദ്ദ - ജിദ്ദയിൽ കൊറോണബാധ സംശയിക്കുന്നവരെ പാർപ്പിച്ചിരുന്ന ക്വാറന്റൈനുകളിൽ സേവനമനുഷ്ഠിച്ചിരുന്ന ആരോഗ്യ പ്രവർത്തകരെ പുതുതായി ആരംഭിച്ച ഫീൽഡ് ആശുപത്രിയിൽ നിയമിച്ചു. ജിദ്ദയിൽ ക്വാറന്റൈനുകളാക്കി മാറ്റിയിരുന്ന ആറു ഹോട്ടലുകൾ ഒഴിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് ഇവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ആരോഗ്യ പ്രവർത്തകരെ പുതുതായി ആരംഭിച്ച ഫീൽഡ് ആശുപത്രിയിൽ നിയമിക്കാൻ ജിദ്ദ ആരോഗ്യ വകുപ്പ് മേധാവി നിർദേശിച്ചത്. ഡോക്ടർമാരും നഴ്‌സുമാരും ലാബ് ടെക്‌നിഷ്യന്മാാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകരെയും കംപ്യൂട്ടർ ടെക്‌നിഷ്യന്മാരെയും ഡ്രൈവർമാരെയും ഫീൽഡ് ആശുപത്രിയിൽ നിയമിച്ചിട്ടുണ്ട്. 


ഉത്തര ജിദ്ദയിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലുള്ള ജിദ്ദ എക്‌സിബിഷൻ സെന്ററിലാണ് ജിദ്ദ ആരോഗ്യ വകുപ്പ് ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സ്ഥാപിച്ച ഫീൽഡ് ആശുപത്രി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 
വൈദ്യ പരിചരണം ആവശ്യമുള്ള കൊറോണ രോഗികളെയും നേരിയ ലക്ഷണങ്ങളുള്ളവരെയും ഫീൽഡ് ആശുപത്രിയിൽ സ്വീകരിക്കും. ഉപകരണങ്ങളുടെ സുസജ്ജത ഉറപ്പു വരുത്താൻ ആദ്യ ഘട്ടത്തിൽ 20 കിടക്കയോടെയാണ് ആശുപത്രി പ്രവർത്തിപ്പിക്കുന്നത്. പൂർണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ആശുപത്രിയിൽ 500 കിടക്കയുണ്ടാകും. ലാബ്, എക്‌സ്‌റേ, ഫാർമസി, മെഡിക്കൽ സപ്ലൈ, ന്യൂട്രീഷ്യൻ തുടങ്ങിയ എല്ലാവിധ സപ്പോർട്ട് വിഭാഗങ്ങളും അടങ്ങിയതാണ് ഫീൽഡ് ആശുപത്രി. 


എല്ലാവരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി, മുഴുവൻ സുരക്ഷാ, പ്രതിരോധ, ആരോഗ്യ വ്യവസ്ഥകളും പാലിച്ച് 8000 ചതുരക്ര മീറ്റർ സ്ഥലത്താണ് ഫീൽഡ് ആശുപത്രി സ്ഥാപിച്ചിരിക്കുന്നതെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് പറഞ്ഞു. മെഡിക്കൽ, ടെക്‌നിക്കൽ ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെയും ആശുപത്രിയിൽ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളും ഓക്‌സിജൻ സിലിണ്ടറുകളും അടക്കം കൊറോണ രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ മുഴുവൻ വസ്തുക്കളും ഫീൽഡ് ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ജിദ്ദ ആരോഗ്യ വകുപ്പ് പറഞ്ഞു. 

Latest News