ധാരാവിയില്‍ രോഗികളുടെ എണ്ണം കുറയുന്നു, മരണമില്ലാതെ ആറ് ദിനങ്ങള്‍

മുംബൈ-കോവിഡ് ഹോട്ട്‌സ്‌പോട്ടായ മുംബൈയിലെ ധാരാവിയില്‍ കഴിഞ്ഞ ആറ് ദിവസത്തില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസവാര്‍ത്തയാണ് പുറത്തുവരുന്നത്.939 പേര്‍ രോഗമുക്തി നേടി. ജൂണ്‍ ഒന്നിന് 34 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 10ല്‍ താഴെ കേസുകള്‍ മാത്രമാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി മേഖലയായ ധാരാവിയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനെ രാജ്യം ഏറെ ആശങ്കയോടെയാണ് കണ്ടിരുന്നത്. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. 1912 പേര്‍ക്കാണ് ധാരാവിയില്‍ ആകെ കോവിഡ് ബാധിച്ചത്. ഇതുവരെ 74 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. ജനം തിങ്ങിപ്പാര്‍ക്കുന്ന ചേരി മേഖലയായതിനാല്‍ സാമൂഹിക അകലം പാലിക്കാനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഇവിടെ ഏറെ വെല്ലുവിളിയുണ്ടായിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടായ മുംബൈ നഗരത്തില്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴാണ് ധാരാവി വൈറസ് ബാധയെ പ്രതിരോധിച്ചു നില്‍ക്കുന്നത്. മുംബൈ നഗരത്തില്‍ 48,774 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1638 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 3007 പേരില്‍ 1420 പേരും മുംബൈയിലാണ്.
വര്‍ധിച്ച നിരീക്ഷണത്തിന്റെയും പരിശോധനയുടെയും ഫലമായാണ് ധരാവിക്ക് കോവിഡിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞതെന്ന് ബൃഹന്‍ മുംബൈ കോര്‍പറേഷന്‍ അസി. മുനിസിപ്പല്‍ കമീഷണര്‍ കിരണ്‍ ദിഗാവ്കര്‍ പറഞ്ഞു. പനി ക്ലിനിക്കുകളുടെ സഹായത്തോടെ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ സാധിച്ചുവെന്നും വാതില്‍പ്പടി പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയെന്നും ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ നേരത്തെ ഐസൊലേഷനിലേക്ക് മാറ്റി കൂടുതല്‍ പേരിലേക്ക് പകരുന്നത് തടയാനായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ധാരാവിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച എന്‍.ജി.ഒകളോടും കോര്‍പറേറ്റ് സ്ഥാപനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു. 2.4 ചതുരശ്ര കി.മീ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ധാരാവിയില്‍ 8.5 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. പുറത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണം കൂടിയാകുമ്പോള്‍ ജനസംഖ്യ ഇതിലും വര്‍ധിക്കും. നൂറുകണക്കിന് ചെറുകിട വ്യവസായങ്ങളുടെ കേന്ദ്രം കൂടിയാണ് ധാരാവി. പുറത്തുനിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ധാരാവിയിലെത്തി ജോലി ചെയ്യുന്നുണ്ട്. ഇത് ധാരാവിയില്‍നിന്ന് വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പടരുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.
ലോക്ഡൗണിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടച്ചതോടെ തൊഴിലാളികള്‍ തിരികെ വീടുകളിലേക്ക് പോയത് ധാരാവിയിലുള്ളവര്‍ക്ക് സാമൂഹിക അകലം പാലിച്ചു കഴിയുന്നതില്‍ ഏറെ പ്രയോജനപ്പെട്ടതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News