ദുബായ്- യു.എ.ഇ യില്‍ താമസിച്ച് വരുന്ന വിദേശ പൗരന്മാര്‍ സ്വന്തം നാട്ടിലേക്കോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യാത്രക്ക് മുമ്പ് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കണമെന്ന് നിര്‍ദേശം. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ച യു.എ.ഇ നിവാസികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ വിസ പുതുക്കാന്‍ കാലാവധി നീട്ടി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
യു.എ.ഇ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്കെല്ലാം റെസിഡന്‍സ് പെര്‍മിറ്റ് 2020 ഡിസംബര്‍ 31 വരെ നീട്ടിനല്‍കുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ഡി.ജി.ആര്‍.എഫ്.എ) വ്യക്തമാക്കി.
എന്നാല്‍ യു.എ.ഇ വിട്ടുപോകുന്നവര്‍ തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നമുണ്ടായേക്കുമെന്ന് ഡി.ജി.ആര്‍.എഫ്.എയിലെ കസ്റ്റമര്‍ സാറ്റിസ്ഫേക്കഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മേജര്‍ സാലിം ബിന്‍ അലി പറഞ്ഞു. വിസ കാലാവധി അവസാനിച്ചതിനാല്‍ യു.എ.ഇയിലേക്ക് വിമാനം കയറാന്‍ വിദേശരാജ്യങ്ങളിലെ നിയമവ്യവസ്ഥ തടസ്സമാകുമെന്നതാണ് കാരണം.
2020 മാര്‍ച്ച് ഒന്നിന് ശേഷം പെര്‍മിറ്റ് കാലഹരണപ്പെട്ട താമസക്കാര്‍ക്ക് പിഴ ഈടാക്കാതെ വര്‍ഷാവസാനം വരെ വിസ പുതുക്കാമെന്നും അദ്ദേഹം പറഞ്ഞു.






