അബുദാബി- മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ യു.എ.ഇയില്‍ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപക, അനധ്യാപക ജീവനക്കാര്‍ 23ന് ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അലി അല്‍ ഹമ്മാദി പറഞ്ഞു. ക്ലാസുകള്‍ ഏതു രീതിയിലായിരിക്കും എന്നതു സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ല.
സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് ഓണ്‍ലൈനിലും നേരിട്ടുമായി സമ്മിശ്ര ക്ലാസുകള്‍ നടത്താനാണ് ആലോചിക്കുന്നത്. എട്ട് ലക്ഷത്തിലേറെ കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യു.എ.ഇയിലെ 100ലേറെ സ്വകാര്യ സ്‌കൂള്‍ അധികൃതരുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും നിയന്ത്രണത്തില്‍ ഇളവ് ലഭിക്കുന്നതോടെ സാധാരണ നിലയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






