ന്യൂദല്‍ഹി- ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതി നാളെ തീര്‍പ്പ് കല്പിച്ചേക്കും. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണുകളും ബന്ധിപ്പിക്കുക, സ്കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ ആധാര്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന ഹരജികളിലാണ് തീര്‍പ്പ് കല്പിക്കാനുള്ളത്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എല്‍.നാഗേശ്വര റാവു എന്നിവരാണ് 2018 സെപ്റ്റംബര്‍ 26-ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപരിശോധനാ ഹരജികള്‍ പരിഗണിക്കുക.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ശ്യം ധവാന് ആവശ്യപ്പെട്ടിരുന്നു. 2016 ആധാര്‍ ബില്‍ ധനബില്ലായാണ് ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചതെന്നും ഇത് ശരിയല്ലെന്നും ഹരജികളില്‍ വാദിച്ചിരുന്നു.






