മനാമ- മൂന്ന് മാസത്തെ സര്‍ക്കാര്‍ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് അവസാനിച്ച ഉടന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പിരിച്ചുവിടുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്ന് ബഹ്‌റൈന്‍. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ജീവനക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നത് അവസാനിപ്പിക്കണമെന്നും ബഹ്റൈന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രി ജമീല്‍ ഹുമൈദാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ മേഖലയില്‍ വന്‍ പിരിച്ചുവിടലിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന കാര്യങ്ങള്‍ സംബന്ധിച്ച് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചതായി അല്‍ ഹുമൈദാന്‍ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളുടെ ആഘാതം നേരിടാന്‍ പൗരന്മാരെയും സ്വാകര്യമേഖലയെയും പിന്തുണക്കുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ നീക്കമുണ്ട്. സര്‍ക്കാര്‍ നടത്തുന്ന മുന്‍കരുതലുകള്‍ തൊഴില്‍ വിപണിയിലെ സുസ്ഥിരതക്ക് കാരണമാവുമെന്നാണ് വിശ്വസിക്കുന്നത്. സ്വകാര്യ മേഖലയിലെ പിരിച്ചുവിടല്‍ തരംഗത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ജീവനക്കാരെ ഏറെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഇത് എല്ലാ മേഖലകളിലെയും അവരുടെ ഉല്‍പാദനക്ഷമതയെ ബാധിച്ചേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഇതിനോടകം പിരിച്ചുവിട്ട എല്ലാ ജീവനക്കാരും ലഭ്യമായ ചാനലുകളിലൂടെ മന്ത്രാലയവുമായി ഉടന്‍ ആശയവിനിമയം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.