കോവിഡ് രോഗിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണം

പുതുച്ചേരി- കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്ട്രെച്ചറില്‍നിന്ന് കുഴിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പുതുച്ചേരി ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പുതുച്ചേരി ജില്ലാ കലക്ടര്‍ അരുണ്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവരോട് റിപ്പോര്‍ട്ട് തേടിയതായി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും പറഞ്ഞു. 

പിപിഇ കിറ്റ് ധരിച്ചെത്തിയ നാല് ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ടുവന്ന് കുഴിയിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.  മറ്റു ചിലരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ ഇവര്‍ പാലിച്ചിരുന്നില്ല. മൃതദഹം ബാഗില്‍ പൊതിഞ്ഞു മറവ് ചെയ്യണമെന്ന നിര്‍ദേശം നിലനില്‍ക്കെ വെളുത്ത തുണി മാത്രമാണ് മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്നത്‌. 

കുഴിയിലേക്ക് ഇടുമ്പോള്‍ മൃതദേഹത്തില്‍നിന്ന് തുണി മാറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.    അതേസമയം മൃതദേഹം റവന്യൂ വകുപ്പിന് കൈമാറിയതാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. 

 

Latest News