സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട്ട് ബസ് ഡ്രൈവർ ജീവനൊടുക്കി

 കോഴിക്കോട്- സ്വകാര്യ ബസ് ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കക്കോടി ചോയി ബസാർ സ്വദേശി സന്തോഷ് ആണ് മരിച്ചത്.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സഹ ജീവനക്കാരും ബസ് ഉടമയും പറയുന്നു. നഷ്ടം സഹിച്ച് ബസ് സർവീസുകൾ നടത്തേണ്ടതില്ലെന്ന് ഉടമകൾ തീരുമാനിച്ചിരുന്നു.

തിങ്കളാഴ്ച മുതൽ ജോലിക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു കടുത്ത സാമ്പത്തിക ബാധ്യതകളുള്ള സന്തോഷെന്ന് വീട്ടുകാർ പറയുന്നു. സന്തോഷിന്റെ വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സന്തോഷ് വീട്ടുകാരോട് പറഞ്ഞിരുന്നു.

അതിനിടെ ഒരു ലോറിയിൽ ജോലിചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയ സന്തോഷിനെ പിന്നീട് കാണാതായി. ഞായറാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ബസ്സിൽ ജോലിചെയ്യുന്ന സന്തോഷ് അടക്കമുള്ളവരെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ കനത്ത നഷ്ടം സഹിച്ച് ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നും ബസ് ഉടമ പറഞ്ഞു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

Latest News