തിരുവനന്തപുരം- കഠിനംകുളം പീഡനക്കേസില്‍ ഗൂഢാലോചനയുള്ളതു കൊണ്ട് യുവതിയുടെ ഭര്‍ത്താവ് ഒന്നാം പ്രതിയാകും. ഏറ്റവും ഒടുവില്‍ പിടിയിലായ ഓട്ടോറിക്ഷാ ഡ്രൈവറാണ് രണ്ടാം പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസിന്റെ അടുത്ത നടപടി.
ഭര്‍ത്താവ് ഉള്‍പ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയതായി രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാല്‍ ഇവരെയും നാലു വയസ്സായ മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാന പ്രകാരം മാറ്റി. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
നൗഫലിന്റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കേസിലെ ആറ് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയെങ്കിലും നൗഫല്‍ ഒളിവിലായിരുന്നു. ഇയാളെ ചാന്നാങ്കരയില്‍ ഒളിവില്‍ കഴിയവെയാണ് പിടികൂടിയത്.
റിമാന്റ് ചെയ്ത ആറ് പ്രതികളില്‍ നാല് പേരെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കും. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക. ഭര്‍ത്താവിന്റെ ഗൂഢാലോന പ്രകാരമാണ് പ്രതികള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പോലീസ് പറയുന്നു.
മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു. പിന്നീട് മറ്റുള്ളവര്‍ ഓട്ടോയിലെത്തി പത്തേക്കറിലെ വിജനതയിലേക്കു കൊണ്ടുപോയതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നെന്നു. കൂട്ടുകാരെ ഭര്‍ത്താവ് തന്നെയാണ് വിളിച്ച് വരുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയും ഭര്‍ത്താവും സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതുകൊണ്ടാണ് ഭാര്യയെ കൂട്ടുകാര്‍ക്ക് പണത്തിനായി കാഴ്ച വെച്ചതെന്നാണ് സൂചന. യുവതിയുടെ മൊഴി പ്രകാരം യുവതിയെ ഏറ്റവും ക്രൂരമായി ആക്രമിച്ചത് നൗഫലാണ്. യുവതിയെ ആദ്യം ആക്രമിച്ചതും ഇയാളാണ്. കേസിലെ മറ്റൊരു പ്രതി രാജന്റെ വീട്ടില്‍ നിന്ന് യുവതിയെ കുറ്റിക്കാട്ടിലേക്ക് ഓട്ടോയിലേക്ക് തട്ടിക്കൊണ്ടു പോയത് നൗഫലിന്റെ നേതൃത്വത്തിലാണ്. യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. ഇതില്‍ കടിച്ച പാടുകളുണ്ട്, നഖം കൊണ്ടുണ്ടായ മുറിവുകളുമുണ്ട്. കണ്ണ് അടികൊണ്ട് കലങ്ങിയിരുന്നു. ഇതെല്ലാം ചെയ്തത് നൗഫലാണ് എന്നായിരുന്നു യുവതിയുടെ മൊഴി.