ദല്‍ഹിയില്‍ ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷം കോവിഡ് രോഗികള്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷം കൊറോണ കേസുകള്‍ ഉണ്ടാകുമെന്ന് വിദഗ്ധസമിതി. ജൂലൈ പകുതിയോടെ 42000 ത്തോളം കിടക്കകള്‍ അധികമായി ആവശ്യമായി വരുമെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. ഏറ്റവും മോശമായ രീതിയില്‍ വൈറസ് ബാധയുണ്ടായ മുംബൈ,അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ സ്ഥിതിയും വിദഗ്ധ സമിതി നിരീക്ഷിച്ചു.അഞ്ചംഗങ്ങളുള്ള കമ്മറ്റിയ്ക്കാണ്‌ തലസ്ഥാനത്ത് ഹെല്‍ത്ത് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇതേതുടര്‍ന്ന് നടത്തിയ നിരീക്ഷണ റിപ്പോര്‍ട്ട് ദല്‍ഹി മുഖ്യമന്ത്രിക്ക് സമിതി സമര്‍പ്പിച്ചു.

ദല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ 150000 കിടക്കകളും ജൂലൈ മധ്യത്തോടെ 42000 കിടക്കകളും ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 27654 പേര്‍ക്കാണ് ശനിയാഴ്ച ദല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് 761 ആയി ഉയര്‍ന്നിരുന്നു. നിലവില്‍ ദല്‍ഹിയില്‍ രോഗികള്‍ക്കായി 8600 കിടക്കകളാണ് ഉള്ളത്. ഇതില്‍ 49%വും ഇപ്പോള്‍ തന്നെ രോഗികള്‍ നിറഞ്ഞിട്ടുണ്ട്.

ജൂണ്‍ പകുതിയോടെ 9800 കിടക്കകളായി ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 25000 കോവിഡ് രോഗികളാണ് ഉള്ളത്. ഇത് 14 മുതല്‍ 15 ദിവസത്തിനകം ഇരട്ടിയാകുമെന്നാണ് കരുതുന്നത്. മാസം അവസാനിക്കുമ്പോള്‍ ഒരു ലക്ഷം പേര്‍ക്കായിരിക്കും വൈറസ് ബാധയുണ്ടായിരിക്കുക. ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ രോഗികള്‍ക്ക് ആശുപത്രി സൗകര്യം നിര്‍ബന്ധമാണെന്നും വിദഗ്ധ സമിതി പറയുന്നു.
 

Latest News