കാവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല; നാദിര്‍ഷായുടെ ഹരജി ഒക്ടോ. നാലിലേക്ക് മാറ്റി

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിനു സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു. കേസില്‍ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലിനു പരിഗണിക്കാനായി മാറ്റി.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Latest News