ആരെ നിറക്കും ഈ സ്‌റ്റേഡിയത്തിൽ?

വെള്ളാന... ഒരു ലക്ഷത്തിലേറെ പേർക്കിരിക്കാവുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം.
മോഡിയും ട്രംപും പുതുക്കിപ്പണിത മൊതേര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ. 

കൊറോണ ഏറ്റവുമധികം പ്രത്യാഘാതമുണ്ടാക്കിയ മേഖലകളിലൊന്നാണ് സ്‌പോർട്‌സ്. കളിയുടെ ആത്മാവായ ഗാലറിയെ അത് ചിത്രത്തിൽനിന്ന് തുടച്ചു മായ്ച്ചുകളഞ്ഞു. അതോടെ കളി നിശ്ശബ്ദ സിനിമ പോലെ ജീവനില്ലാത്ത ആക്ഷനായി മാറി. കൊച്ചു സ്‌റ്റേഡിയങ്ങളും ഉന്നതമായ സാങ്കേതിക മികവുമെന്നതായിരിക്കും കളിക്കളങ്ങളുടെ ഭാവി. അഹമ്മദാബാദിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉദ്ഘാടനം ചെയ്തതു പോലുള്ള ഭീമൻ കളിക്കളങ്ങൾ മിക്കവാറും വെള്ളാനകളായി മാറും. അവയ്ക്കുവേണ്ടി തുലച്ച കോടികൾ നഷ്ടക്കണക്കിലെഴുതേണ്ടി വരും. ഒരു ലക്ഷത്തിലേറെ കാണികളെ ഉൾക്കൊള്ളാവുന്ന വിധത്തിലാണ് മൊതേര സ്‌റ്റേഡിയം പുതുക്കിപ്പണിയുന്നത്. സാധാരണഗതിയിൽ തന്നെ ഈ സ്റ്റേഡിയം നിറയണമെങ്കിൽ ഭഗീരഥ യത്‌നം വേണ്ടിവരും. അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ ഉദ്ഘാടന ദിനത്തിൽ സ്റ്റേഡിയം നിറഞ്ഞു, രണ്ടാമതൊരിക്കൽ കൂടി അത് നിറയുക ഏതാണ്ട് അസാധ്യമാവുകയാണ്. 
കളിയുടെ ആവേശം പങ്കുവെക്കാൻ സ്റ്റേഡിയത്തിൽ ഇനി നിങ്ങളുടെ സമീപം മറ്റൊരാൾക്ക് ഇരിക്കാൻ കഴിയണമെന്നില്ല. മൂന്നു സീറ്റുകൾ ഇടവിട്ടും ഓരോ നിര ഇടവിട്ടുമാണ് ഹംഗറിയിൽ കാണികളെ പ്രവേശിപ്പിച്ചത്. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ തന്നെ ഹെൽത്ത് ചെക്കുകൾ നിർബന്ധമായേക്കാം. ഇറ്റലിയിലും ഇംഗ്ലണ്ടിലും രോഗം പടർന്നതിൽ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് പങ്കുണ്ട് എന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുക ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയാണ്. പല രാജ്യങ്ങളിലും ഇന്ത്യൻ ടീം കളിക്കുമ്പോൾ ഹോം ടീമിനെക്കാൾ പിന്തുണ ലഭിച്ചിരുന്നത് ഇന്ത്യൻ ടീമിനായിരുന്നു, പ്രവാസി ഇന്ത്യക്കാരുടെ പിന്തുണ ടീമിന് എവിടെയും ആവേശം പകർന്നിരുന്നു. 


സ്റ്റേഡിയങ്ങളിൽ ഇനി സാമൂഹിക അകലം നിർബന്ധമായിരിക്കും, സൂപ്പർ സ്‌പ്രെഡർ (രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രം) എന്ന ദുഷ്‌പേര് ഉണ്ടാക്കാൻ ഒരു സ്റ്റേഡിയവും ആഗ്രഹിക്കില്ല. ടിക്കറ്റ് വിൽപനക്ക് നിയന്ത്രണമുണ്ടാവും. ആളുകൾ മുകളിലേക്ക് കയറിപ്പോവുന്ന ഭാഗങ്ങളിൽ സീറ്റുകളുടെ നിരകൾ തന്നെ മാറ്റേണ്ടിവരും. സ്‌റ്റേഡിയങ്ങളിൽ പ്രവേശിക്കുന്ന ഗെയ്റ്റുകളിൽ തിരക്കൊഴിവാക്കാൻ കാണികൾക്ക് വെവ്വേറെ സമയം നൽകേണ്ടി വരും. സ്റ്റേഡിയങ്ങളിലെ ടോയ്‌ലറ്റുകളിൽ പോലും നിയന്ത്രണം വരും. ടിക്കറ്റ് വിൽപനയെ കാര്യമായി ആശ്രയിച്ചിരുന്ന ടീമുകൾ ബദൽ പദ്ധതികൾ തയാറാക്കുന്ന തിരക്കിലാണ്. സീറ്റുകൾ തമ്മിൽ വേർതിരിക്കുന്ന സ്‌ക്രീനുകളിടാമെന്നും അത് പരസ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ഡിസൈനർമാർ നിർദേശിക്കുന്നുണ്ട്. ഫോട്ടോ ഉപയോഗിച്ച് ഗാലറിയിൽ ഇരിക്കുന്നതായ പ്രതീതി സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യയും പരീക്ഷിക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ ഇരിപ്പിടങ്ങളുടെ രൂപകൽപനയിൽ വലിയ മാറ്റം വരും. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണികൾക്ക് യഥാർഥ ഇരിപ്പിടം കാണിച്ചു കൊടുക്കാനും ഓരോ ഭാഗത്തെയും കാണികളുടെ എണ്ണം നിയന്ത്രിക്കാനുമുള്ള ലേസർ ടെക്‌നോളജി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇൻസൈഡ് എന്ന കമ്പനി.  

 

 


ടോയ്‌ലറ്റുകളിൽ എത്ര പേർ കാത്തുനിൽപുണ്ട് എന്നറിയാനുള്ള വെയ്റ്റ് ടൈം ആപ് ചില സ്റ്റേഡിയങ്ങൾ തയാറാക്കിയിട്ടുണ്ട്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ടോട്ടനത്തിന്റെ പുതിയ സ്റ്റേഡിയത്തിൽ കാണികളെ സഹായിക്കാൻ 1600 വൈഫി ആക്‌സസ് പോയന്റുകളുണ്ടാവും. അത് സാങ്കേതികവിദ്യ ഉപയോഗിക്കാൻ കാണികളെ സഹായിക്കും. 
സ്‌റ്റേഡിയം ശുചീകരണ രീതികളിൽ പോലും വ്യാപകമായ മാറ്റങ്ങളുണ്ടാവും. കാണികൾ വാരി വലിച്ചിട്ട വസ്തുക്കൾ ചൂലു കൊണ്ട് അടിച്ചു വൃത്തിയാക്കുന്ന പഴയ രീതികൾ ഇനി പറ്റില്ല. നിരവധി ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണം. എ.എസ്.എം ഗ്ലോബൽ എന്ന കമ്പനി ലോകത്തിലെ 325 കളിക്കളങ്ങളുടെ ശുചീകരണ കരാർ ഏറ്റെടുത്തു കഴിഞ്ഞു. പഴയതു പോലെ ഇതിൽ പലതും ഗുണകരമാണ് എന്നതുപോലെ തന്നെ ഡാറ്റ ചോർത്താനുള്ള പദ്ധതികൾ കൂടിയാണ് എന്നതാണ് പ്രശ്‌നം. 
ഒരു കാര്യം യാഥാർഥ്യമാണ്. കാണികളുടെ എണ്ണം കൂടുമ്പോൾ എത്ര പ്രതിരോധ നടപടിയെടുത്താലും വിജയം കാണില്ല. ഒരാളുടെ ശ്വാസോഛാസം സമീപത്തിരിക്കുന്ന ആളുടെ ദേഹത്ത് എത്താതിരിക്കാനുള്ള ഒരു സംവിധാനവുമില്ല. സ്റ്റേഡിയങ്ങളിൽ പഴയതു പോലെ കാണികൾ നിറയണമെങ്കിൽ ഒരുപാട് സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടി വരും. അതുവരെ അഹമ്മദാബാദിലെ മൊതേര സ്റ്റേഡിയം പോലെ പടുകൂറ്റൻ സ്റ്റേഡിയങ്ങൾ വെള്ളാനകളായി അവശേഷിക്കും. 

 

 


 

Latest News