Sorry, you need to enable JavaScript to visit this website.

ഖത്തറും ഗൾഫ് രാജ്യങ്ങളും  ഇനി പഴയപടിയാകില്ല

റിയാദ് - പഴയപടിയിലേക്ക് തിരിച്ചുപോവുക സാധ്യമല്ലെന്ന്, ഗൾഫ് പ്രതിസന്ധി മൂന്നു വർഷം പിന്നിടുന്നതോടനുബന്ധിച്ച് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. മൂന്നാം വർഷം പൂർത്തിയാക്കുന്ന ഖത്തർ പ്രതിസന്ധി പരിഗണിക്കപ്പെടാൻ മാത്രം വലിയ പ്രശ്‌നമല്ല. ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും വഴിപിരിഞ്ഞിരിക്കുന്നു. ഗൾഫ് ആകെ മാറിയിരിക്കുന്നു. 
ഖത്തർ പ്രതിസന്ധിയുടെ കാരണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പ്രതിസന്ധിക്കുള്ള പോംവഴികളും എല്ലാവർക്കും അറിയാവുന്നതാണ്. സമയമാകുമ്പോൾ പ്രതിസന്ധി പരിഹരിക്കപ്പെടും. ഖത്തറിന്റെ ഭാഗത്തു നിന്നുള്ള പ്രകോപനങ്ങൾ അവഗണിച്ച് ഭാവിക്കു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗമെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു. 


അതേസമയം, ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് പിൻവാങ്ങാൻ ആലോചിക്കുന്നില്ലെന്ന് ഗൾഫ് പ്രതിസന്ധിയുടെ മൂന്നാം വാർഷികം പൂർത്തിയാക്കിയ ഇന്നലെയും ഖത്തർ വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ കുവൈത്ത് ശ്രമങ്ങൾ തുടരുന്നതായി ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശ മന്ത്രാലയ വക്താവുമായ ലുലുവ അൽഖാതിർ പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് ഖത്തർ പിൻവാങ്ങുമെന്ന നിലക്ക് പ്രചരിക്കുന്നത് വെറും കിംവദന്തികൾ മാത്രമാണെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു. 
ഭീകരതക്ക് പിന്തുണ നൽകുന്നതായും മിലീഷ്യകൾക്കും സായുധ ഗ്രൂപ്പുകൾക്കും സാമ്പത്തിക സഹായം നൽകി അയൽ രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി സൃഷ്ടിക്കുന്നതായും ഇറാനുമായി സഹകരിക്കുന്നതായും കുറ്റപ്പെടുത്തി 2017 ജൂൺ അഞ്ചിനാണ് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിച്ചത്. ഖത്തറിലെ തുർക്കി സൈനിക താവളവും അൽജസീറ ചാനലും അടച്ചുപൂട്ടണമെന്നതും ഇറാനുമായുള്ള ബന്ധം കുറക്കണമെന്നതും അടക്കുള്ള ഉപാധികളാണ് പ്രതിസന്ധി പരിഹരിക്കാൻ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനു മുന്നിൽ വെച്ചിരിക്കുന്നത്. 
 

Latest News