മനാമ -കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള മുന്‍കരുതല്‍ നടപടിയായി ക്വാറന്റീന്‍ ലംഘിച്ചതിന് ആറ് പേരില്‍നിന്ന് പിഴ ഈടാക്കാന്‍ ബഹ്റൈന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഓരോരുത്തരും 1,000 ദീനാര്‍ വീതം പിഴയൊടുക്കണമെന്നാണ് വിധി. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ നിന്ന് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വിധിപ്രസ്താവം.
ആറ് പേരും ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതായും നിരവധി തവണ വീട് വിട്ടുപോയതായും കോടതിക്ക് ബോധ്യമായി. കോവിഡ് പ്രതിരോധ നടപടിയായി ചുമത്തിയ ക്വാറന്റീന്‍ ലംഘനം നടത്തിയ പ്രതികള്‍ അന്വേഷണത്തിന് സമ്മതിച്ചിട്ടുണ്ട്. ക്വാറന്റീന്‍ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിക്കപെടുന്ന മറ്റ് 27 പേര്‍ക്കെതിരെ പൊതുജനാരോഗ്യ ഡയറക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രത്യേക കേസുകളില്‍ ബഹ്റൈനില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിച്ച് വരികയാണ്. നിര്‍ബന്ധിത ക്വാറന്റീിന്‍ ലംഘിച്ച് 27 പേരും വ്യത്യസ്ത സമയങ്ങളില്‍ വീട് വിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ബഹ്റൈന്‍ പള്ളികള്‍ വീണ്ടും തുറക്കുമെന്ന് തീരുമാനം മാറ്റിവെച്ചിരുന്നു.