Sorry, you need to enable JavaScript to visit this website.

ഇനിയൊന്നും പഴയ പോലെയാകില്ല

ജൂൺ മാസത്തിലെ ഒന്നാമത്തെ ആഴ്ച നാട്ടിൽ കണ്ണീർ മഴയുടെ കൂടി കാലമായിരുന്നു. ഒന്നാം ക്ലാസിൽ നിന്നുയരുന്ന പിഞ്ചോമനകളുടെ ആ ഒച്ചയിട്ടുള്ള കരച്ചിലുകൾ അത്ര പെട്ടെന്നാർക്കും മറക്കാനാവില്ലല്ലോ? പുത്തനുടുപ്പണിഞ്ഞ് പുസ്തക സഞ്ചിയുമായി കലാലയങ്ങളിൽ കുടുകുടാ ചിരിച്ചും അതിലേറെ കരഞ്ഞ് കലങ്ങിയും എത്തേണ്ട കുഞ്ഞുങ്ങൾ ഈ വർഷം കുറച്ചു കാലമെങ്കിലും വീട്ടിൽ ടെലിവിഷന്റെയോ കംപ്യൂട്ടറിന്റെയോ ചുരുങ്ങിയത് മൊബൈൽ ഫോണിന് മുന്നിലോ ഒതുങ്ങിയിരുന്ന് പാഠങ്ങൾ പഠിക്കേണ്ട സവിശേഷ സാഹചര്യമാണിപ്പോൾ. ഈ പ്രതിസന്ധിക്കാലം കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും അധ്യാപകർക്കും കൂടി വെല്ലുവിളികളുടെ കാലമാണ്. 


മഹാമാരികൾ ലോകത്ത് പല മാറ്റങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. അത്തരത്തിൽ വന്ന മാറ്റങ്ങൾ വിവിധ മേഖലകളിൽ അടിമുടി പരിവർത്തനത്തിന് കാരണമായിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം ഒരുപക്ഷേ ഏറ്റവും വലിയ മാറ്റത്തിന് വിധേയമാകുന്നത് വിദ്യാഭ്യാസ മേഖലയായിരിക്കുമെന്നതിൽ സംശയമില്ല. 
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം നാൾ കലാലയങ്ങൾ ലോകമങ്ങോളമിങ്ങോളം ഇത്തരത്തിൽ അടഞ്ഞു കിടക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കാലയളവിൽ അധ്യയനം മുടങ്ങാതിരിക്കാൻ ലോക രാജ്യങ്ങൾ പുത്തൻ രീതികൾ പരമാവധി പരീക്ഷിക്കുകയാണ്. വികസിത രാജ്യങ്ങൾ പോലും കടുത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 
സാങ്കേതികവിദ്യ തികച്ചും അപ്രാപ്യമായ ലക്ഷോപലക്ഷങ്ങൾ വസിക്കുന്ന ഇന്ത്യയെ പോലുള്ള ഒരു അവികസിത രാജ്യത്ത് ലോക്ഡൗൺ കാല ഓൺലൈൻ പഠനം നേരിടുന്ന പ്രതിബന്ധങ്ങൾ അത്ര എളുപ്പത്തിലൊന്നും പരിഹരിക്കാനാവില്ല എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 


മികച്ച സാങ്കേതിക വിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവവും കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇന്റനെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങളും അനായാസമായ ഓൺലൈൻ പഠനത്തിന് വിഘാതമാണ്. 
കൂടാതെ, ഈ അധ്യയന രീതിയിലുള്ള അധ്യാപകരുടെ പരിചയക്കുറവും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മനോഭാവത്തിലും താൽപര്യത്തിലുമുള്ള വ്യത്യാസങ്ങളും സൗകര്യങ്ങളുടെ അപര്യാപ്തതയോടൊപ്പം ഈ രംഗത്ത് പുതിയ അനിശ്ചിതത്വങ്ങൾക്ക് കാരണമാവുന്നുണ്ട്. 
ഇതൊക്കെയാണെങ്കിലും കൊറോണാനന്തര വിദ്യാഭ്യാസം പഴയപോലെയാവില്ല. പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിൽ വിദ്യാഭ്യാസ പ്രക്രിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതുപുത്തൻ പരീക്ഷണങ്ങളും സാധ്യതകളും സാമ്പ്രദായിക വിദ്യാഭ്യാസ രീതിയെ അടിമുടി അഴിച്ചുപണിയാൻ ലോകത്തെ ഒന്നടങ്കം പ്രേരിപ്പിക്കുന്നുണ്ട്. പഠന സമയം, പഠനരീതി, മൂല്യനിർണയ രീതി, ഗൃഹപാഠം തുടങ്ങിയവയിലെല്ലാം സമൂലമായ മാറ്റങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. 


സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തിന്റെ കാലയളവിലും പാഠ്യപദ്ധതിയിലും സർവകലാശാലാ ഗവേഷണ രീതികളിലും അധ്യാപക പരിശീലന കോഴ്‌സുകളിലുമെല്ലാം ഈ മാറ്റത്തിന്റെ ചുവടു പിടിച്ച് സത്വരമായ നവീകരണം നടക്കേണ്ടതുണ്ട്.
ബ്ലൻഡഡ് ലേണിംഗ്, ഫഌപ്പ്ഡ് ക്ലാസ്‌റൂം, ന്യൂ ലേണിംഗ് സ്‌പേസ് തുടങ്ങിയ നവീന പഠന സങ്കേതങ്ങളും രീതി ശാസ്ത്രങ്ങളും അധ്യാപകരെപ്പോലെ തന്നെ വിദ്യാർഥികളും രക്ഷിതാക്കളും വായിച്ച് പഠിച്ച് ഉൾക്കൊണ്ട് നടപ്പാക്കേണ്ട ഒരു പുത്തൻ വിദ്യാഭ്യാസ തൊഴിൽ സംസ്‌കാരമാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. 
പാഠഭാഗങ്ങൾ കാണാപ്പാഠം പഠിച്ച് പരീക്ഷ കടലാസിലേക്ക് പകർത്തുന്ന ഓർമശേഷി അടിസ്ഥാനപ്പെടുത്തിയുള്ള പഠന പരീക്ഷാ രീതികളുടെ കാലം കഴിഞ്ഞെന്ന് പറയാറുണ്ട്. അത് പുലർന്നു കണ്ട നാളുകൾ കൂടിയാണിത്. കടലാസ് രഹിത ലോകമാണ് വരാൻ പോകുന്നത്. മാറുന്ന ലോകത്തെ തൊഴിൽ പരിസരങ്ങളിലേക്കാവശ്യമുള്ള കഴിവുകളും ശേഷികളുമാണ് വിദ്യാലയങ്ങൾ പകർന്ന് നൽകേണ്ടത്. 


നവീന ചിന്തയ്ക്കും കാര്യക്ഷമമായ വിനിമയത്തിനും സഹവർത്തിത്വത്തിനും പ്രശ്‌ന പരിഹാര നൈപുണികൾക്കും വിശിഷ്ടമായ ഊന്നൽ നൽകി സംരംഭകത്വ മനോഭാവം വളർത്തി ജീവിതാനന്ദം കൈവരിക്കാൻ ഓരോ പഠിതാവിനേയും പ്രാപ്തമാക്കുന്ന സമഗ്രവും അയവുള്ളതുമായ പാഠ്യപദ്ധതി സ്‌കൂൾ തലത്തിൽ തന്നെ ലഭ്യമാക്കണം. 
കുട്ടികളുടെ ഇഷ്ടാനുസരണം അവരവരുടെ കഴിവുകൾക്കും അഭിരുചികൾക്കും അനുസരിച്ച് പഠന വിഷയങ്ങളും കോഴ്‌സുകളും തെരഞ്ഞെടുക്കാനുള്ള സംവിധാനം പ്രൈമറി തലം മുതൽ ഒരുക്കണം. ക്ലാസിൽ എഴുത്ത് പരീക്ഷയിൽ അധികമൊന്നും ശോഭിക്കാത്തതിനാൽ അവഗണിക്കപ്പെട്ട എത്രയെത്ര പ്രതിഭാധനരാണ് സോഷ്യൽ മീഡിയാ കാലത്തും ചുരുങ്ങിയ നാളിലെ ഈ ലോക്ഡൗൺ കാലത്തും ലോകശ്രദ്ധ പിടിച്ചുപറ്റിയ മിടുമിടുക്കരായ സംരംഭകരും കലാകാരൻമാരും കണ്ടുപിടിത്തക്കാരും അഭിനേതാക്കളും ജന സേവകരുമൊക്കെയായി തീർന്നത്! 
കുഞ്ഞുങ്ങൾ പിറന്നുവീണ് വളർന്ന് വലുതാവുന്നത് പുതിയ കാലത്തേക്കുള്ള സിദ്ധികളോട് കൂടിയാണ്. ദയവ് ചെയ്ത് പഴയകാല വാർപ്പ് മാതൃകകളിൽ അവരുടെ സർഗ ശേഷിയേയും പഠന നിലവാരത്തേയും തളച്ചിടാതിരിക്കുക.
 

Latest News