കോവ് ഈദ്-2020: മൈലപ്പുറം പെരുന്നാൾ 

മലപ്പുറം നഗരത്തിന് ഒരു മൈൽ അപ്പുറമാണ് മൈലപ്പുറം. പേരു പോലെ തന്നെ അൽപം മുന്നിലെത്തി ആ മൈലപ്പുറത്തുകാരുടെ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളും.
ലോക്ഡൗൺ കാലത്തെ ഈദ് ആഘോഷങ്ങൾ മിക്കവരും വീട്ടിലേക്ക് ഒതുക്കിയപ്പോൾ മൈലപ്പുറം പ്രദേശത്തെ നാട്ടുകാർ ഇത്തവണ ഈദ് ആഘോഷിച്ചത് ഏറെ പ്രത്യേകതകളോടെ സൈബറിടത്തിൽ. സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് ഒരു നാട് മുഴുവൻ കലാവിരുന്നുകളും ആർപ്പുവിളികളുമായി പെരുന്നാൾ ആഘോഷം ഗംഭീരമാക്കി.
മൈലപ്പുറം വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കോവ് ഈദ്-2020 സ്‌നേഹ സന്ധ്യ എന്ന പേരിൽ പുതുമകളോടെ ഇതുപോലെ ഒരു ഓൺലൈൻ കലാവിരുന്ന് സംഘടിപ്പിച്ചത്. ഓൺലൈൻ വഴിയുള്ള കലാവിരുന്നുകളും സംഗമങ്ങളും ഇപ്പോൾ പുതിയ കാര്യം അല്ലെങ്കിലും വളരെ വ്യത്യസ്തമായ രീതിയിൽ സാങ്കേതിക സമ്പൂർണമായൊരു ലൈവ് രണ്ട് ദിവസങ്ങളിലായി നടത്തിയത് ലോകത്തിന്റെ പല ഭാഗത്തു നിന്നുമായി ആയിരങ്ങളാണ് ഒരേസമയം പരിപാടികൾ വീക്ഷിച്ചത്. നേരത്തേ ഈ പ്രോഗ്രാമിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, പി.വി.അൻവർ, എ.പി.അനിൽകുമാർ തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കളും നടൻ ശ്രീരാമൻ, നടൻ സാദിഖ്, തിരക്കഥാകൃത്ത് ഡോ.ഇഖ്ബാൽ കുറ്റിപ്പുറം, നടൻ ഇർഷാദ്, കൊച്ചിൻ ഗിന്നസ് ടീം തുടങ്ങി നിരവധി സിനിമാ പ്രവർത്തകരും  കൂടാതെ നിരവധി ഫുട്‌ബോൾ താരങ്ങളും പ്രശസ്ത മാധ്യമ പ്രവർത്തകരും മറ്റും വന്നിരുന്നു. അതോടെ തന്നെ സോഷ്യൽ മീഡിയയിൽ മൈലപ്പുറത്തുകാരുടെ ഇത്തവണത്തെ പെരുന്നാൾ ആഘോഷം ചർച്ചയായിരുന്നു. 


ലോക്ഡൗൺ ദിനങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഡിബേറ്റുകൾ, നാടിന്റെ ചരിത്രം ഉണർത്തുന്ന ക്വിസ്, വീട്ടിലിരിക്കുന്ന പ്രദേശ വാസികളുടെ ചിത്രകലയുടെയും കാലിഗ്രഫിയുടെയും അവതരണം തുടങ്ങി ഒരു മാസം നീണ്ടുനിന്ന വിവിധങ്ങളായ പരമ്പരകളുടെ പരിസമാപ്തി ആയാണ് ഈദിനും തുടർന്നുള്ള ദിവസങ്ങളിലും വിപുലമായ ഈദ് കലാസന്ധ്യ സംഘടിപ്പിച്ചത്. ഗ്രാഫിക്കുകളുടെ സഹായത്തോടെ തയാറാക്കിയ പരസ്യ പ്രചാരണ വണ്ടിയുടെ ദിവസങ്ങളായുള്ള വെർച്വൽ വിളംബര യാത്ര ആകാംക്ഷയെ ഈദ് ദിനം വരെ പാരമ്യത്തിലെത്തിച്ചു. 
സ്‌നേഹസന്ധ്യ സാക്ഷാൽക്കരിച്ച ഈദ് ദിവസം ഓരോ പരിപാടിയും കൃത്യമായ കാര്യപരിപാടിയുടെ അടിസ്ഥാനത്തിലാണ് നടന്നത്. അജണ്ട പ്രകാരം പടിപടിയായി വാട്‌സാപ്പിൽ പരിപാടികൾ അവതരിപ്പിക്കുകയും തുടർന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. അതുകൊണ്ട് തന്നെ ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർക്കും ഒരേ സമയം ലൈവായി പരിപാടികൾ ആസ്വദിക്കാനായി. കുട്ടികളും മുതിർന്നവരുമായ നൂറിലധികം പേരുടെ കലാപ്രകടനങ്ങൾ കൊണ്ട് വ്യത്യസ്തമായി ഓരോ പരിപാടികളും.


കോവിഡ്-19 എന്ന മഹാമാരി മൂലം ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മനുഷ്യ ഹൃദയങ്ങൾ തമ്മിൽ നന്മയുടെ സന്ദേശങ്ങൾ സൈബർ ലോകത്തിലൂടെ കൈമാറുമ്പോൾ സാമൂഹ്യ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മനസ്സുകളുടെ ഐക്യവും നന്മയും ഊട്ടിയുറപ്പിക്കുന്ന പുതിയ ഇടങ്ങൾ സ്ഥാപിക്കാനും മനുഷ്യർ തമ്മിലുള്ള സ്‌നേഹ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും കഴിഞ്ഞു എന്ന് ഈ കലാസന്ധ്യ ഉദ്ഘാടനം ചെയ്ത ഫസൽ കിളിയമണ്ണിൽ പറഞ്ഞു. 
മൈലപ്പുറത്ത് ജന്മവേരുകളുള്ള സൗദി പൗരനായ അബ്ദുൽ റഹ്മാൻ അൽ ഫദ്ൽ അബ്ദുല്ല യൂസുഫ് മങ്കരത്തൊടി, പി.ഉബൈദുല്ല എം.എൽ.എ, പെരുമ്പള്ളി സെയ്ദ്, ബുഷ്‌റ സക്കീർ, ബുഷ്റ തറയിൽ, ഹഫ്‌സത്ത് മച്ചിങ്ങൽ, ബഷീർ കലന്തൻ, കെ.പി.മായ തുടങ്ങിയവർ ആശംസകൾ നേർന്നു. കൂട്ടായ്മയുടെ യൂട്യൂബ് പ്രകാശനം സഹോദരന്മാരായ മൊയ്തീൻകുട്ടി പൂളക്കണ്ണിയും അബ്ദുൽ അസീസ് പൂളക്കണ്ണിയും ചേർന്ന് നിർവഹിച്ചു. സുഹൈൽ മങ്കരത്തൊടി സ്വാഗതവും ബാവ കോലാർ നന്ദിയും പറഞ്ഞു. 


രണ്ടു രാത്രികളിൽ നീണ്ട കലാവിരുന്നിൽ ഗാനാലാപനം, കവിതകൾ, നൃത്തങ്ങൾ, മിമിക്‌സ് പരേഡ്, ഓട്ടൻ തുള്ളൽ തുടങ്ങി നിരവധി പരിപാടികൾ ലൈവ് ആയി യൂട്യൂബിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലപ്പുറത്തുകാർക്ക് വീക്ഷിക്കാൻ കഴിഞ്ഞു. 
ലോക്ഡൗൺ കാലത്തും ഈദാഘോഷം എങ്ങനെ എല്ലാ സുരക്ഷാ ക്രമീകരണവും പാലിച്ചുകൊണ്ട് ഗംഭീരമാക്കാം എന്നത് മൈലപ്പുറം വാട്‌സ്ആപ്പ് കൂട്ടായ്മ തെളിയിച്ചു.   തലമുറകൾ തമ്മിലുള്ള കമ്യൂണിക്കേഷൻ ഗ്യാപ് ഇല്ലാതാക്കാൻ ഇത്തരം സൈബറിടങ്ങൾക്കാവുന്നു എന്നതാണ് ഇതുപോലുള്ള കൂടിച്ചേരലുകളുടെ ഏറ്റവും വലിയ പ്രയോജനമെന്ന് സംഘാടകർ അവകാശപ്പെടുന്നു. 
 

Latest News