കോവിഡ് കാലത്തെ കുഞ്ഞുമനസ്സിലെ വലിയ കാര്യങ്ങൾ 

കോവിഡ് ഭീകരനാണെങ്കിലും അതിനു രാക്ഷസീയതയുടെ ഭാവം പകരുന്നത് മനുഷ്യ മനസ്സുകളുടെ ഉള്ളറകളിൽ നിന്നാണ്. വൈറസ് മൂലം ലോകത്തുണ്ടാകുന്ന മരണങ്ങൾക്കപ്പുറം മനസ്സിന്റെ താളംതെറ്റി ജീവിതം നഷ്ടമാവുന്ന സമകാലിക ലോകാവസ്ഥയിൽ ഈ മഹാമാരി ഉയർത്തുന്ന വലിയ വെല്ലുവിളി അതിജീവിക്കുക എന്നതാണ് മുന്നിലുള്ളത്. നിലവിലിത് മനുഷ്യന്റെ മാനസിക ആരോഗ്യത്തെ താൽക്കാലികമായി ബാധിക്കുന്നു എന്നതാണ്. 
മനുഷ്യൻ സമൂഹ്യാവസ്ഥയിൽ ഒറ്റപ്പെടുമ്പോൾ അനുഭവിക്കുന്ന ഏകാന്തത തരണം ചെയ്യുന്നതിനായി നിരവധി മാർഗങ്ങൾ തേടുമ്പോൾ ഏകാഗ്രത നഷ്ടപ്പെടാതെ ചില മേച്ചിൽപുറങ്ങൾ തേടിയലയുകയും ഒടുവിൽ എത്തിപ്പെടുന്ന നവമാധ്യമ സങ്കേതത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ടിക്‌ടോക്. ആശങ്കയുടേയും സമ്മർദങ്ങളുടേയും ചൂടു നിറഞ്ഞ പ്രവാസ ലോകത്തെ ജീവിതത്തിൽ നർമത്തിന്റെ കുളിർ തെന്നലിൽ തലോടലാവുകയാണ് അലീന എന്ന ഒരു കൊച്ചു മിടുക്കിയുടെ ഇടപെടൽ.


അൽകോബാറിലെ തൃശൂർ പുതുക്കാട് സ്വദേശിയായ അലീന ഷിബുവിന്റെ ടിക്‌ടോക് വീഡിയോസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. സമകാലിക വിഷയങ്ങൾ തെരഞ്ഞെടുത്ത് അതിൽ നർമരസക്കൂട്ടുകൾ ചാലിച്ച് ഹാസ്യാത്മകമായി വ്യത്യസ്ത ശൈലിയിലൂടെ അവതരിപ്പിക്കാൻ അസാമാന്യ പാടവമുള്ള ഈ കൊച്ചു കലാകാരിയെ സഹൃദയ മനസ്സുകൾ നെഞ്ചോട് ചേർത്ത് കഴിഞ്ഞിരിക്കുന്നു. ഹാസ്യാനുകരണത്തോടൊപ്പം കാലാ കാലങ്ങളായി അനുവർത്തിച്ചു പോരുന്ന അനാചാരങ്ങളെയും അബദ്ധ ധാരണകളെയും പരിഹാസ രൂപത്തിലും അവതരിപ്പിക്കുന്ന ഈ മിടുക്കി കവിതാ പാരായണത്തിലും പ്രസംഗ കലയിലും കഴിവു തെളിയിച്ചുകൊണ്ട് നാളെയുടെ ഒരു താരമാകും എന്നു തന്നെയാണ് സോഷ്യൽ മീഡിയകളിലൂടെ ലഭിക്കുന്ന അംഗീകാരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ദമാം ഇന്ത്യൻ സ്‌കൂൾ ആറാം തരം വിദ്യാർഥിനിയായ അലീന എന്ന ഈ കൊച്ചു മിടുക്കിയുടെ ചെറിയ വായിൽ ഉയർന്നു വരുന്ന വലിയ കാര്യങ്ങൾ തീക്ഷ്ണമായ കാഴ്ചപ്പാടുകൾക്ക് വഴിവെക്കുന്നത് കൊണ്ടാണ് ഇത് ഏറെ ശ്രദ്ധേയമാകുന്നത്. 


അൽകോബാറിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷിബു അമ്പഴക്കാടന്റെയും അൽകോബാർ മുഹമ്മദ് ദോസ്സരി ആശുപത്രിയിലെ സറ്റാഫ് നഴ്‌സ് ലിസമ്മ ഷിബുവിന്റെയും മകളാണ് അലീന. നാട്ടിൽ ഉപരിപഠനം നടത്തുന്ന എയ്ഞ്ചൽ ഷിബു അലീനയുടെ ഏക സഹോദരിയാണ്. പ്രവാസ ലോകത്ത് കലാ സാംസ്‌കാരിക രംഗങ്ങളിൽ സജീവമായ ഈ കുടുംബത്തിന്റെ പിന്തുണ ഈ കൊച്ചു കലാകാരിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് സുഹൃത്തുക്കളും സാംസ്‌കാരിക പ്രവർത്തകരും കൂടുതൽ പ്രചോദനമാകുന്നു. 
അനുകരണ കലയിലും സംഗീതത്തിലും വേറിട്ട പ്രകടനങ്ങൾ കാഴ്ചവെക്കാൻ നൈസർഗികമായ കഴിവുള്ള അലീനക്ക് കലാ രംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിക്കുന്നവരുടെ പിന്തുണയും ലഭിക്കുന്നുണ്ട്. 

Latest News