15 ദിവസത്തിനകം കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കണം: സുപ്രിംകോടതി

ന്യൂദല്‍ഹി- രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളെ വരുന്ന പതിനഞ്ച് ദിവസത്തിനകം അവരുടെ നാടുകളിലെത്തിക്കണമെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി. 
കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് സംസ്ഥാനങ്ങളോ കേന്ദ്രമോ യാത്രാ നിരക്ക് ഈടാക്കരുതെന്ന് മെയ് 28 ന് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ഉത്തരവ്. ഇതിനുപുറമെ, കുടിയേറ്റക്കാര്‍ക്ക് യാത്രയ്ക്കിടെ സൗജന്യ ഭക്ഷണവും വെള്ളവും നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

വിധിന്യായത്തില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചും കോടതി പരാമര്‍ശിച്ചു.ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍,എസ് കെ കൗള്‍,എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ജൂണ്‍ മൂന്ന് വരെ 4200 ല്‍പരം കുടിയേറ്റ തൊഴിലാളികളെ ശ്രമിക് ട്രെയിനുകളില്‍ നാട്ടിലെത്തിച്ചിരുന്നു.
ഇപ്പോള്‍ ഒരു കോടിയിലധികം കുടിയേറ്റക്കാരെ അവരുടെ സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ളവരാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.ഇനിയും എത്ര കുടിയേറ്റ തൊഴിലാളികളെ കയറ്റണം, എത്ര ട്രെയിനുകളും ബസുകളും വേണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കുമെന്ന്് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Latest News