Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഴുവന്‍ വേതന ഉത്തരവ് പുറപ്പെടുവിച്ചത് തൊഴിലാളികളെ പിടിച്ചുനിര്‍ത്താനെന്ന് കേന്ദ്രം

ന്യൂദല്‍ഹി- ലോക്ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് നൂറു ശതമാനം വേതനം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്‌നപരിഹാരത്തിന് തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ സമവായ ചര്‍ച്ച വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വേതനം നല്‍കുന്നതില്‍നിന്ന് തൊഴിലുടമകള്‍ക്ക് മാറി നില്‍ക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
മാര്‍ച്ച് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ ലോക് ഡൗണ്‍ കാലത്ത് മുഴുവന്‍ വേതനവും തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാലും തൊഴിലുടമകള്‍ക്കെതിരേ നടപടി എടുക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ കക്ഷികള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കാന്‍ കോടതി സമയം നല്‍കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ. കൗള്‍, എം.ആര്‍. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
മുഴുവന്‍ വേതനം സംബന്ധിച്ച മാര്‍ച്ച് 29 ലെ ഉത്തരവ് മെയ് 18 മുതല്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന് നിര്‍ദേശിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. തൊഴിലാളികളുടെ ദുരിതം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോടിക്കണക്കിന് തൊഴിലാളികളാണ് കുടിയേറ്റക്കാരായി ഉള്ളത്. അവര്‍ വ്യവസായങ്ങളില്‍ തുടരണമെന്നു തന്നെ ആഗ്രഹിക്കുന്നു. തൊഴിലാളികളെ പിടിച്ചു നിര്‍ത്തുക എന്നതായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. വേതനം ലഭിച്ചാല്‍ മാത്രമേ അവര്‍ അതാതു സ്ഥലങ്ങളില്‍ തുടരുമായിരുന്നുള്ളൂ എന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ എക്‌സിക്യൂട്ടീവ് സമിതിക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ വ്യവസായങ്ങളും സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ നൂറു ശതമാനം വേതനം എങ്ങനെ നല്‍കുമെന്ന്  കോടതി ചോദിച്ചു. എന്നാല്‍, നൂറ് ശതമാനം വേതനം വാങ്ങിക്കൊടുക്കാനും അതു നല്‍കാന്‍ കഴിയാത്തവരെ ശിക്ഷിക്കാന്‍ എന്തധികാരമാണുള്ളതെന്നും   കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും നിശ്ചിത സമയത്തിനുള്ളില്‍ പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റിസ് എ.കെ. കൗള്‍ നിരീക്ഷിച്ചു. വ്യവസായ തര്‍ക്കപരിഹാര നിയമത്തിന് പകരമാണ് സര്‍ക്കാര്‍ ദുരന്ത നിവരാണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് വേതനം ലഭിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, തൊഴിലുടമക്ക് അതു നല്‍കാനുള്ള പണം ഇല്ലെങ്കില്‍ എന്തു ചെയ്യും . ഇക്കാര്യത്തില്‍ തൊഴിലുടമകളുമായി ചര്‍ച്ച നടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പരിഹാര മാര്‍ഗം നടപ്പാക്കിയാല്‍ മാത്രം മതിയെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടിയുടെ മാനുഷിക വശം കോടതി കണക്കിലെടുക്കണമെന്നാണ് അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കിയത്. അപ്പോള്‍ പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയ വേതനത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന കാര്യം കോടതി എടുത്തു കാട്ടി. അപ്പോള്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി 20 ലക്ഷം കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നായിരുന്നു എ.ജിയുടെ മറുപടി.

 

Latest News