കൊല്ലത്ത് മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു

കൊല്ലം- മദ്യലഹരിയിൽ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. കൊല്ലം കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാ(34)ണ് മരിച്ചത്. കേസിലെ പ്രതി അഞ്ചാലുംമൂട് പ്രശാന്ത് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വിളിച്ചിറക്കി അടിച്ചുകൊല്ലുകയായിരുന്നു.

ഇന്നലെയും കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ഒരാൾ കുത്തേറ്റ് മരിച്ചിരുന്നു. കൊല്ലം രണ്ടാംകുറ്റി സ്വദേശി ഉദയകിരണാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ആക്ടിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ മൊട്ട വിഷ്ണുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മനുഷ്യ വിസർജ്ജ്യം അനധികൃതമായി തള്ളുന്ന സംഘത്തിലെ കണ്ണികളാണ് ഏറ്റുമുട്ടിയവർ. ഇന്നലെ രാത്രി കോതേത്ത് അമ്പലത്തിന്റെ സമീപത്തുവെച്ചാണ് ഉദയകിരണും മൊട്ടവിഷ്ണുവും ഏറ്റുമുട്ടിയത്. ഇരുവരും പരസ്പരം നടത്തിയ കത്തികുത്തിൽ നെഞ്ചിന് കുത്തേറ്റ ഉദയകിരൺ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊട്ട വിഷ്ണുവിനെ കൊല്ലത്തെ സ്വകാര്യ ആസുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ നാല് പ്രതികളെ പോലീസ് പിടികൂടി. ചികിൽസയിലുള്ള ആശ്രാമം ലക്ഷ്മണനഗർ 31 ൽ മൊട്ട വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, ലക്ഷ്മണ നഗർ 64 ൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ദീപു എന്ന് വിളിക്കുന്ന ജിതിൻ, കിളികൊല്ലൂർ ചേരിക്ഷേത്രനഗർ 63 ൽ ശംഭു എന്ന് വിളിക്കുന്ന ശരൺ, ഉളിയക്കോവിൽ നഗർ 3 ൽ പാരിപ്പള്ളി പടിഞ്ഞാറ്റതിൽ പട്ടരു വിഷ്ണു എന്നുവിളിക്കുന്ന വിഷ്ണു എന്നിവരാണ് പോലീസ് പിടിയിലായത്. ഉദയകിരണും മൊട്ട വിഷ്ണുവും ക്രിമിനൽ കേസ് പ്രതികളാണെന്ന് കൊല്ലം ഈസ്റ്റ് പോലീസ് പറഞ്ഞു

 

Latest News