കോട്ടയം - താഴത്തങ്ങാടി വേളൂർ പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലി(22)നെയാണ് പോലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് മേധാവി അറിയിച്ചു. ഷാനി മൻസിലിൽ ഷിബയെ (55) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഭർത്താവ് മുഹമ്മദ് സാലി (62) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. സാലിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. മോഷണം മാത്രമല്ലായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തിയ ശേഷം പ്രതി കാർ മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സ്വന്തം വീട്ടില്‍നിന്ന് പിണങ്ങിക്കഴിയുകയായിരുന്നു പ്രതി. കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായും ജോലി ചെയ്യുകയാണ്. ആദ്യം മുഹമ്മദ് സാലിയെയാണ് ഇയാള്‍ അക്രമിച്ചത്. തുടര്‍ന്ന് ഷീബയെയും അക്രമിക്കുകയായിരുന്നു.
വീട്ടിൽനിന്ന് സ്വർണവും പണവും ഇയാൾ കവരുകയും ചെയ്തു. നേരത്തെ വീട്ടുകാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. നിരവധി സമയം ഇയാൾക്ക് ഈ വീട്ടുകാർ അഭയം നൽകിയിരുന്നു.
കൃത്യം നിർവ്വഹിച്ച ശേഷം കുമരകം ഭാഗത്തേക്ക് കാർ കൊണ്ടുപോകുകയായിരുന്നു. മാരുതി വാഗണാർ കാർ പോകുന്ന ദൃശ്യങ്ങൾ പോലീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ പോലീസ് വസതിയിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി. ഡോഗ് സ്‌ക്വാഡിന്റെ സഹായവും ഉണ്ടായിരുന്നു. സമീപത്തുളള ടീ ഷോപ്പിലേക്കാണ് പോലീസ് നായ പോയത്്. കൊലപാതകം നടത്തിയവരെന്നു കരുതുന്നവർ പോയ കാറിന്റെ എതിർ ദിശയിലേക്കാണ് നായ പോയത്.
കൊലപാതകം പുറത്തറിഞ്ഞത് തിങ്കളാഴ്ച്ച വൈകുന്നേരം ആണെങ്കിലും വീട്ടിലെ കാറുമായി പ്രതി രക്ഷപ്പെട്ടത് രാവിലെ 10.44 നാണെന്ന് സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. കുമരകം ഭാഗത്തേക്ക് പോയതിനാൽ, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറും സംഭവസ്ഥലം സന്ദർശിച്ചു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ച റോഡിന് എതിർ ദിശയിൽ ഓടിയ പോലീസ് നായ അറുപുഴ നടപ്പാത സമീപം വരെയെത്തി നിന്നു. ഒന്നിലധികം പേർ സംഭവത്തിന് പിന്നിൽ ഉണ്ടെന്ന സംശയം ഇതോടെ ബലപ്പെട്ടു. ദമ്പതികളെ തലയ്ക്കടിച്ച ശേഷം പാചക വാതക സിലണ്ടർ തുറന്ന് വിട്ടിരുന്നു. വയർ ഉപയോഗിച്ച് കൈകാലുകൾ കെട്ടിയ ശേഷം വീട് പൂട്ടിയാണ് പ്രതി രക്ഷപ്പെട്ടത്.