ആഹ്ലാദം പ്രകടിപ്പിച്ച് ദുബായ് നിവാസികൾ
ദുബായ്- ഷോപ്പിംഗ് മാളുകളും സ്വകാര്യ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളും ഇന്നലെ മുതൽ നൂറ് ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെ യു.എ.ഇയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിലവിലുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നതാണെന്നാണ് പൊതുജനാഭിപ്രായം. സാധാരണ ജീവതത്തിലേക്ക് വീണ്ടും മടങ്ങാൻ കഴിയുന്നതിനെ കൂടുതൽ ആത്മവിശ്വാസത്തിലാണ് യു.എ.ഇ സ്വദേശികളും വിദേശികളും ഏറ്റെടുത്തിരിക്കുന്നത്.
ദുബായ് നഗരം നൂറ് ശതമാനം സാധാരണ ഗതിയിലേക്കു തിരിച്ച് പോകുന്നതിൽ അതിശയിക്കാനില്ലെന്ന് ഡച്ച് പൗരൻ മത്തിജിസ് സ്റ്റിന്നിസെൻ പറഞ്ഞു. യു.എ.ഇ ഭരണ നേതൃത്വത്തിൽ ഏറെ വിശ്വാസമുണ്ടെന്നും ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാമെന്നും ഡി.ഐ.എഫ്.സിയിലെ ബോക റെസ്‌റ്റോറന്റിലെ ചീഫ് ഷെഫ് പറഞ്ഞു.
'തങ്ങളുടെ ജീവനക്കാരെല്ലാം ജോലിയിൽ പ്രവേശിക്കാൻ തയാറാണ്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരണം പോസിറ്റീവ് ആണെങ്കിൽ പൂർണസജ്ജരായി തുടരും. ഒരു ദിവസം തന്നെ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്കും അഞ്ച് ഗ്രൂപ്പുകളിലേക്കും പോകാനുള്ള സ്വാതന്ത്ര്യമായി ഞാൻ ഇതിനെ കരുതുന്നില്ല. വീട്ടിൽ ഇരിക്കുന്നതിൽനിന്ന് മാറി പതിവ് പ്രവർത്തനങ്ങളിലേക്ക് മടങ്ങാനുള്ള ആത്മവിശ്വാസം ഈ തീരുമാനം നൽകുന്നുണ്ട്. അതേസമയം, മുൻകരുതലുകൾ ഒഴിവാക്കരുത്' -അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോലിയിലേക്ക് മടങ്ങുന്നത് കൂടുതൽ ഉന്മേഷം നൽകുമെന്നും സാമൂഹിക അകലം പാലിക്കുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിന് അത്യന്ത്യാപേക്ഷിതമാണെന്നും താലിയ സലോംഗ പറഞ്ഞു. മാസ്‌ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക തുടങ്ങി എല്ലാ മുൻകരുതലുകളും പാലിക്കുകയാണെങ്കിൽ നമുക്കിത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എല്ലാം സാധാരണ നിലയിലായതിനാൽ കോവിഡ് 19 ഇപ്പോഴും നിലവിലുണ്ടെന്ന കാര്യം മറക്കണമെന്ന് ഇതിനർഥമില്ലെന്നും ഫിലിപ്പിനോ വംശജ പറഞ്ഞു.
ശരിയായ മുൻകരുതൽ നടപടികൾ ജോലിസ്ഥലത്ത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബിസിനസ് ഉടമകളാണെന്ന് എച്ച്.ടു.ആർ ഡിസൈൻ സ്ഥാപകൻ ഹുസൈൻ റൂമി പ്രതികരിച്ചു.
'വർക്ക് സ്റ്റേഷനുകൾക്കും മീറ്റിംഗ് റൂമുകൾക്കുമിടയിൽ രണ്ട് മീറ്റർ അകലം പാലിക്കാനാണ് ഞങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത്തരം പദ്ധതികളിൽ ഇത് നടപ്പിലാാക്കാൻ ഞങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു' -ഇറാഖി ബ്രിട്ടീഷ് പൗരൻ പറഞ്ഞു. എല്ലാവരെയും കൂടെകൂടെ കൈകഴുകാൻ ഓർമപ്പെടുത്തുന്നതിന് സ്റ്റുഡിയോയിൽ ഒരു ബസർ (സിഗ്‌നൽ ഉപകരണം) സ്ഥാപിക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






