Sorry, you need to enable JavaScript to visit this website.

കാണാതായ തത്തകളെ കണ്ടെത്തുന്നവർക്ക്  10,000 ദിർഹം; വാഗ്ദാനവുമായി വിദേശ വനിത

യോലൻഡെ ബെന്നറ്റ് തത്തകളുമായി (ഫയൽ ചിത്രം)

ദുബായ്- കാണാതായ തന്റെ അഞ്ച് വളർത്തു തത്തകളെ കണ്ടെത്തി തിരികെ നൽകുന്നവർക്ക് 10,000 ദിർഹം ക്യാഷ് അവാർഡ് വാഗ്ദാനം ചെയ്ത് വിദേശ വനിത. ദുബായ് മിർദിഫിൽ താമസിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിനി യോലാൻഡെ കോയൻ ബെന്നറ്റ് ആണ് തന്നെ സഹായിക്കുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മിർദിഫിലാണ് ഇവർ താമസിക്കുന്നത്. ഏപ്രിൽ 27 ന് കൂടിന് പുറത്ത് തത്തകൾ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ മുതലാണ് ഇവറ്റകളെ കാണാതായതെന്ന് യോലാൻഡെ പറയുന്നു. 


മോഷ്ടാക്കൾ തോട്ടത്തിൽ കയറി അപഹരിച്ചതാവാമെന്നും ഇവർ അനുമാനിക്കുന്നു. നല്ല കാലാവസ്ഥയായിരുന്നു. അവ എങ്ങിനെ പുറത്ത് മറ്റു പക്ഷികളോട് ഇടപെഴകുമെന്ന് ഞാൻ ആലോചിച്ചിരുന്നു. ആദ്യരാത്രിയിൽ ഒരു പ്രശ്‌നവുമുണ്ടായില്ല. എന്നാൽ പിറ്റേന്ന് രാവിലെ കൂടുകൾ ശൂന്യമായിരുന്നു. രണ്ട് കൂടുകളുടെ വാതിലുകളിൽ പൂട്ടുള്ള ചങ്ങലകൾ കൊണ്ട് ബന്ധിച്ചതിനാൽ അവർക്ക് പുറത്തിറങ്ങാൻ കഴിയില്ല. കൂടുകൾ ഉണ്ടായിരുന്നിടത്ത് നിന്ന് ഏഴ് മീറ്റർ അകലെ പുല്ലിലായിരുന്നു ഒരു ട്രെ. മറ്റു കൂടുകളിൽ രണ്ട് വ്യത്യസ്ത കിളിവാതിലുകളും ഉണ്ടായിരുന്നു. അവ പുറത്ത് നിന്ന് മാത്രമേ തുറക്കാൻ കഴിയൂ -യോലാൻഡെ പറഞ്ഞു.  


പരാതി നൽകിയതിനെ തുടർന്ന് താമസ സ്ഥലത്തെത്തിയ പോലീസ് വിരലടയാളം രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ചാർലി, തെക്വില, സവാന, കോക്കോ, സുലു എന്നിങ്ങനെയാണ് തത്തകളുടെ പേരുകൾ. അഞ്ചു തത്തകൾക്കും കൂടി ഏകദേശം 30,000 ദിർഹമിനടുത്ത് വിലമതിക്കും. 
തത്തകളെ മടക്കി നൽകുന്നവർക്ക് 10,000 ദിർഹം വാഗ്ദത്തം ചെയ്യുന്ന കാര്യം മിർദിഫിലുടനീളം ഷെയർ ചെയ്യുന്നതിന് തങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം ചെയ്തിട്ടുണ്ടെന്ന് യോലൻഡെ പറഞ്ഞു. ഇതല്ലാതെ തങ്ങളുടെ മുന്നിൽ മറ്റു മാർഗങ്ങളില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Latest News