ഷാർജ- കൊറോണ വൈറസ് നിയന്ത്രണത്തെത്തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന യു.എ.ഇ വിസയുള്ള വിദേശികളെ സ്വീകരിക്കാൻ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. അപ്രതീക്ഷിത യാത്രാ നിയന്ത്രണം കാരണം സ്വന്തം നാടുകളിൽ കുടുങ്ങിയ പ്രവാസികളിൽ തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ പൂർണമായും സജ്ജമാണെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽമിദ്ഫ പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും സദാ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടങ്ങിയെത്തുന്ന വിദേശികളെ സ്വന്തം വീടുകളിലേക്ക് മടക്കി അയക്കാനും കുടുംബവുമായും സുഹൃത്തുക്കളുമായും വീണ്ടും ഒന്നിപ്പിക്കാനും സഹായിക്കുന്നതിൽ തങ്ങൾ കൃതാർഥരാണ്. പ്രിയപ്പെട്ടവരിൽ നിന്ന് വിട്ടുനിൽക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നെന്ന് നമുക്ക് സങ്കൽപ്പിക്കാവുന്നതേയുള്ളൂ. യു.എ.ഇ വിസയിലുള്ള കൂടുതൽ വിദേശികളെയും കുടുംബങ്ങളെയും വീടുകളിലേക്ക് സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും -അൽമിദ്ഫ വിശദീകരിച്ചു.
ജൂൺ ഒന്ന് മുതൽ യു.എ.ഇ വിമാന കമ്പനികൾ ലോകമെമ്പാടുമുള്ള നഗരങ്ങളിൽനിന്ന് കുടുങ്ങിക്കിടക്കുന്ന യു.എ.ഇ നിവാസികളെ തിരികെ കൊണ്ടുവരാൻ ആരംഭിച്ചിരുന്നു. മേഖലയിലെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ സുരക്ഷാ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി എയർപോർട്ട് അധികൃതർ, നാഷനൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ദിനേനയുള്ള ശുചീകരണ നടപടി ക്രമങ്ങൾ ഇപ്പോഴും തുടരുന്നതായും ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.






