Sorry, you need to enable JavaScript to visit this website.

നിയമലംഘകർക്ക് മുന്നറിയിപ്പുമായി  ദുബായ് പോലീസ്

ദുബായ്- കോവിഡ് 19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് പ്രധാന ഹൈവേകളിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ വാഹനമോടിക്കരുതെന്നും നിയമപരമായ വേഗത പരിധി പാലിക്കണമെന്നും പോലീസ് ട്വിറ്ററിൽ കുറിച്ചു. എമിറേറ്റ് സാധാരണ നിലയിലേക്ക് മാറുമ്പോൾ ഷോപ്പിംഗ് മാളുകളും സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും കർശനമായ സുരക്ഷാ നടപടികൾ പാലിച്ച് ഇന്നലെ മുതൽ നൂറു ശതമാനം ശേഷിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പുതിയ തീരുമാനം എമിറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ വീണ്ടെടുക്കുന്നതിന്റെയും സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ്.


അടിയന്തര സാഹചര്യങ്ങളിലൊഴികെ കർഫ്യൂ സമയങ്ങളിൽ (രാത്രി 11 നും രാവിലെ ആറിനും ഇടയിൽ) പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടാൽ 3000 ദിർഹം പിഴ ഈടാക്കുമെന്ന് നേരത്തെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷണവും മരുന്നും വാങ്ങുന്നതിനും എമർജൻസി കേസുകൾക്കും സുപ്രധാന മേഖലകളിലെ ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും മാത്രമേ ഈ സമയങ്ങളിൽ പുറത്തിറങ്ങാവൂ. അവർ തന്നെ ഈ സമയങ്ങളിൽ പുറപ്പെടുന്നതിന് മുമ്പായി tthps://dxbpermit.gov.ae എന്ന സൈറ്റിൽ നിന്ന് അനുമതി നേടണം. കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.


 

Latest News