റാസല്‍ഖൈമ- കോഴിക്കോട്ടേക്ക് ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനം മുടങ്ങി. ഏഴ് മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ കാത്തിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെ രാത്രി ഒമ്പതു മണിയോടെ ഹോട്ടലിലേക്ക് മാറ്റി.കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുടങ്ങിയത്. ഉച്ചക്ക് രണ്ട് മണിക്ക് തന്നെ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. വെകുന്നേരം ആറിന് സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്.
സാങ്കേതിക പ്രശ്‌നം ഒഴിവാക്കി ഇന്ന് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് അഴീക്കോട് അറിയിച്ചു. ഇന്ന് മറ്റൊരു വിമാനം കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ പ്രഥമ സര്‍വീസാണ് സാങ്കേതിക കുരുക്കിനെ തുടര്‍ന്ന് മുടങ്ങിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തില്‍ മണിക്കൂറോളം കാത്തിരുന്ന് നിരാശരായി മടങ്ങിയത്.
വൈകിട്ട് ആറിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകി രാത്രി 11.30ന് പുറപ്പെടുമെന്നാണ് ഒടുവില്‍ അറിയിച്ചിരുന്നത്. എന്നാല്‍ കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനം നിശ്ചിത സമയം കഴിഞ്ഞും റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയില്ല.