റിയാദ് - ബഹ്‌റൈന്‍ ഒഴികെ അഞ്ചു ഗള്‍ഫ് രാജ്യങ്ങളിലും ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ രോഗികള്‍ മരണപ്പെട്ടു. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് സൗദിയിലാണ്, 24 പേര്‍. ഒമാനില്‍ ഒമ്പതു കൊറോണ രോഗികള്‍ മരണപ്പെട്ടു.
ഒമാനില്‍ ഇതുവരെ 59 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 576 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഒമാനില്‍ ആകെ 12,799 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 2,812 പേരുടെ അസുഖം ഭേദമായി. 31 പേര്‍ ഗുരുതരാവസ്ഥയിലാണ്.
കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ആറു കൊറോണ രോഗികള്‍ മരണപ്പെടുകയും 887 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണബാധ സ്ഥിരീകരിച്ചവരില്‍ 314 പേര്‍ കുവൈത്തികളും 201 പേര്‍ ഇന്ത്യക്കാരും 115 പേര്‍ ഈജിപ്തുകാരും 96 പേര്‍ ബംഗ്ലാദേശുകാരുമാണ്.
കുവൈത്തില്‍ ഇതുവരെ ആകെ 28,649 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 14,281 പേരുടെ അസുഖം ഭേദമായി. 226 പേര്‍ മരണപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ 1,382 പേരാണ് രോഗമുക്തി നേടിയത്. കൊറോണ രോഗികളില്‍ 187 പേരുടെ നില ഗുരുതരമാണ്.
ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകള്‍ 60,000 കവിഞ്ഞു. ഇരുപത്തിനാലു മണിക്കൂറിനിടെ 1,826 പേര്‍ക്ക് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 60,259 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇക്കൂട്ടത്തില്‍ 36,036 പേരുടെ അസുഖം ഭേദമായി. 43 പേര്‍ മരണപ്പെട്ടു. ഇരുപത്തിനാലു മണിക്കൂറിനിടെ ഖത്തറില്‍ 2,599 പേര്‍ രോഗമുക്തി നേടുകയും മൂന്നു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. 239 പേരുടെ നില ഗുരുതരമാണ്.
യു.എ.ഇയില്‍ കൊറോണ മരണങ്ങള്‍ 269 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ മൂന്നു കൊറോണ രോഗികള്‍ രാജ്യത്ത് മരണപ്പെട്ടു. 388 പേര്‍ രോഗമുക്തി നേടി. യു.എ.ഇയില്‍ ആകെ 18,726 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്. പുതുതായി 596 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 35,788 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ 35,000 ലേറെ പേര്‍ക്ക് യു.എ.ഇയില്‍ കൊറോണബാധ സംശയിച്ച് പരിശോധനകള്‍ നടത്തിയതായും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 358 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 12,229 ആയി ഉയര്‍ന്നു. ഇക്കൂട്ടത്തില്‍ 19 പേര്‍ മരണപ്പെട്ടു. 7,397 പേരുടെ അസുഖം ഭേദമായി. 10 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.