കൽപറ്റ-സംസ്ഥാനത്തു ആദ്യമായി വയനാട്ടിൽ നാല് അതിഥി തൊഴിലാളികൾക്കു കോവിഡ്. ബത്തേരി കുപ്പാടി പൂളവയലിൽ നിർമാണത്തിലുള്ള ലാഡർ റിസോർട്ടിലെ ഇതര സംസ്ഥാനത്തൊഴിലാളികൾക്കാണ് വൈറസ് ബാധയേറ്റത്. ഇവർ ഉൾപ്പെടെ ജില്ലയിൽ ആറു പേരിലാണ് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചത്. തവിഞ്ഞാൽ, മീനങ്ങാടി സ്വദേശിനികളായ യുവതികളാണ് രോഗം പിടിപെട്ട മറ്റു രണ്ടു പേർ. അതിഥി തൊഴിലാളികൾ ജില്ലാ ആശുപത്രിയിലും മീനങ്ങാടി, തവിഞ്ഞാൽ സ്വദേശിനികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
കോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളിൽ മൂന്നു പേർ പശ്ചിമബംഗാൾ സ്വദേശികളാണ്. ഒഡീഷക്കാരനാണ് നാലാമൻ. ലാഡർ റിസോർട്ടിലെ പ്രവൃത്തികൾ ഇന്നലെ രാവിലെ നിർത്തിവച്ചു. രോഗബാധിതരായ തൊഴിലാളികളുമായി പ്രാഥമിക സമ്പർക്കമുണ്ടായ ഏതാനും പേരെ ബത്തേരിയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.
വൃക്കരോഗിയാണ് തവിഞ്ഞാൽ സ്വദേശിനി.ഡയാലിസിസിനു മുന്നോടിയായി മെയ് 29നാണ് ജില്ലാ ആശുപത്രിയിൽ സ്രവം ശേഖരിച്ചു പരിശോധനയ്ക്കു അയച്ചത്. യുവതിയുടെ ഭർത്താവ് കഴിഞ്ഞ 18നു ബംഗളൂരുവിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഗർഭിണിയാണ് മീനങ്ങാടി സ്വദേശിനി. ചികിത്സയുടെ ഭാഗമായി ഇക്കഴിഞ്ഞ 28നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് പരിശോധനയുടെ ഭാഗമായി സ്രവം പരിശോധനയ്ക്കു എടുത്തത്. അതിഥി തൊഴിലാളികൾക്കു രോഗം പടർന്നതു സമ്പർക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പധികൃതർ. ലാഡർ റിസോർട്ട് വളപ്പിൽ മെയ് 14നു രാജസ്ഥാനിൽനിന്നു ലോഡുമായി ലോറി എത്തിയിരുന്നു. റംസാൻ തലേന്നു തൊഴിലാളികൾ ബത്തേരി ടൗണിലെത്തി മാംസം വാങ്ങുകയുമുണ്ടായി.
കരുതൽ നടപടികളുടെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് നാല് തൊഴിലാളികളിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
വൈറസ് ബാധിതരായ 13 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗം സംശയിക്കുന്ന ഒമ്പതു പേരും ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ 254 പേരെ നിരീക്ഷണത്തിലാക്കി. 196 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി 3,758 പേരാണ് നിരീക്ഷണത്തിലുള്ളത്. സമൂഹവ്യാപനം പരിശോധിക്കുന്നതിനു ജില്ലയിൽനിന്നു ഇതിനകം പരിശോധനക്കു അയച്ച 2074 സാംപിളിൽ 1706 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ ആറെണ്ണമാണ് പോസിറ്റീവായത്.
അതിഥി തൊഴിലാളികളിൽ കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയിലെ മുഴുവൻ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു. മുട്ടിൽ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്.