Sorry, you need to enable JavaScript to visit this website.

ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്ര സർക്കാർ റദ്ദാക്കി

വർക്കല-കേരളത്തിൽ നടപ്പാക്കാനിരുന്ന 154 കോടിയുടെ രണ്ട് ടൂറിസം പദ്ധതികൾ കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതിൽ ശിവഗിരി തീർഥാടന സർക്യൂട്ടും ഉൾപ്പെടും. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും പ്രധാന ദേവാലയങ്ങളെ ഉൾപ്പെടുത്തിയുള്ള തീർഥാടന പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവ റദ്ദാക്കുന്നതായി സ്വദേശി ദർശൻ ഡിവിഷനാണ് കേരളത്തെ അറിയിച്ചത്. ടൂറിസം പദ്ധതികൾ ഉപേക്ഷിക്കുന്നതായി സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ കാരണം വ്യക്തമാക്കിയിട്ടില്ല. ശിവഗിരി പദ്ധതി 69.47 കോടിയുടേതാണ്. രണ്ടാമത്തേത് 85.23 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ്.


സംസ്ഥാന സർക്കാറിന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണഗുരു ടൂറിസം സർക്യൂട്ട് നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആദ്യ ഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം നിർവഹിക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാറും സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനമായിരുന്നു വിഭാവനം ചെയ്തിരുന്നത്. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയുള്ള തീർഥാടന സർക്യൂട്ടും കേന്ദ്ര തീരുമാനത്തോടെ ഇല്ലാതായിരിക്കുകയാണ്.
കോവിഡിൽ തകർന്നുനിൽക്കുന്ന സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനമെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ അനാസ്ഥ നിമിത്തമാണ് പദ്ധതി നഷ്ടമാവുന്ന സാഹചര്യം ഉടലെടുത്തതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ട് ഇതിന് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Latest News