Sorry, you need to enable JavaScript to visit this website.

ദുരഭിമാനക്കൊലയുടെ ബാക്കിപത്രം

കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിൽ മലപ്പുറം ജില്ലയിൽ നിന്ന് ഒരു കോടതി വിധി ഏറെയൊന്നും ചർച്ചയാകാതെ പോയി. കീഴ്ജാതിക്കാരനായ യുവാവിനെ പ്രണയച്ചതിന് പിതാവ് മകളെ ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ മഞ്ചേരി കോടതി വെറുതെ വിട്ടത് ഏതാനും നാളുകൾക്ക് മുമ്പ് മാത്രമാണ്. ആ പിതാവ് സ്വന്തം മകളെ കൊലപ്പെടുത്തിയതിന് തെളിവുകൾ ഇല്ലാത്തതിനാൽ പിതാവിനെ വെറുതെ വിട്ടു കൊണ്ടാണ് കോടതി ഉത്തരവിട്ടത്. അപ്പോഴും ഒരു ചോദ്യം ഉത്തരമില്ലാതെ അവസാനിച്ചു. എങ്കിൽ പെൺകുട്ടിയെ കൊന്നതാരാണ്?
അരീക്കോട് വാലില്ലാപ്പുഴ പൂവ്വത്തിക്കുണ്ട് പാലത്തിങ്ങൽ വീട്ടിൽ രാജന്റെ മകൾ 21 വയസ്സുള്ള ആതിര 2018 മാർച്ച് 22 നാണ് കൊല്ലപ്പെട്ടത്. തുടർന്ന് രാജനെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്ജാതിക്കാരനുമായി ആതിര പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിൽ നിന്ന് പിൻമാറാൻ ആതിരയോുട പിതാവ് ആവശ്യപ്പെട്ടിരുന്നെന്നുമാണ് കേസിൽ പോലീസിന് ലഭിച്ചിരുന്ന മൊഴി. തന്റെ ആവശ്യം ആതിര അംഗീകരിക്കാത്തതിൽ ക്ഷുഭിതനായ പിതാവ് മകളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞത്.
കേസ് അന്വേഷണത്തിനിടെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കൊലപാതകം നടത്തിയത് രാജൻ തന്നെയാണെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിലെ സാക്ഷികളിൽ ഭൂരിഭാഗം പേരും കോടതിയിൽ കൂറുമാറിയതോടെ കേസിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാവുകയായിരുന്നു. കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട ആതിരയുടെ മാതൃ സഹോദരനുമായ വിജേഷ്, ഏക ദൃക്സാക്ഷിയും പിതൃസഹോദരിയുമായ സുലോചന, സഹോദരൻ അശ്വിൻ രാജ്, പിതൃസഹോദരൻ ബാലൻ, മാതാവ് സുനിത, അയൽവാസികളായ സൽമാബി, നജ്മുന്നീസ, അബ്ദുൾ ലത്തീഫ് എന്നിവരടക്കം മുഖ്യ സാക്ഷികളിലേറെയും കൂറുമാറിയിരുന്നു. ആതിരയുടെ സുഹൃത്തും സൈനികനുമായ ബ്രിജേഷ്, മഹസർ സാക്ഷി വിനോദ് തുടങ്ങിയ ചുരുക്കം സാക്ഷികൾ മാത്രമാണ് മൊഴിയിൽ ഉറച്ചു നിന്നത്.
ആതിരയെ കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും വിശ്വസിക്കുമ്പോഴും കോടതിയെ അത് ബോധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷനുണ്ടായ വീഴ്ചയാണ് ഈ കേസിൽ മറിച്ചൊരു വിധിയുണ്ടാകാൻ കാരണമായത്. കേസുകളെ കോടതി നോക്കികാണുന്നത് തെളുവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ മാത്രമാണ്. നിയമപുസ്തകത്തിൽ എഴുതിവെച്ച കാര്യങ്ങൾ നടപ്പാക്കുകയാണ് കോടതി ചെയ്യുന്നത്. കേസുകളിലെ കണ്ടെത്തലുകൾ പ്രോസിക്യൂഷനും അതു വഴി കോടതിക്കും നൽകേണ്ടതും അത് ശരിയാണെന്ന് ഉറപ്പാക്കാനാവശ്യമായ തെളിവുകളും സാക്ഷികളെയും നൽകേണ്ടതും പോലീസിന്റെ ഉത്തരവാദിത്തമാണ്. ഈ കേസിൽ സാക്ഷികളേറെയും കൊല്ലപ്പെട്ട ആതിരയുടെ ബന്ധുക്കളായിരുന്നു. അവർ കുറ്റം ആരോപിക്കപ്പെട്ട രാജന്റെയും ബന്ധുക്കളാണ്. കോടതിയിൽ കൂറുമാറാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. ഇത് മുന്നിൽ കണ്ട് മൊഴികളിൽ ഉറച്ചു നിൽക്കുന്ന സാക്ഷികളെ കേസിൽ ഉൾപ്പെടുത്താതിരുന്നത് പോലീസിന്റെ വീഴ്ചയായാണ് പരക്കെ വിമർശിക്കപ്പെടുന്നത്.
ആതിര കൊലക്കേസിന്റെ വിധി രണ്ട് സാമൂഹിക പ്രശ്്‌നങ്ങളാണ് പ്രധാനമായും ഉയർത്തുന്നത്. കൊലപാതകം നടത്തുന്നയാൾ ആരാണെന്ന് പകൽപോലെ വ്യക്തമായാലും അത് തെളിയിക്കാൻ തെളിവുകളും സാക്ഷിമൊഴികളും അനിവാര്യമാണെന്ന രാജ്യത്തെ തെളിവു നിയമം മാറ്റിയെഴുതപ്പെടേണ്ടതില്ലേ എന്ന ചോദ്യം ഉയരുന്നു. മറ്റൊന്ന്, സാക്ഷികളെ സ്വാധീനിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന സന്ദേശം സമൂഹത്തിൽ പരന്നാൽ ആരുടെ ജീവിതമാണ് ഇവിടെ സുരക്ഷിതമെന്ന ആശങ്കയും ഉയരുന്നു.
നിലവിലുള്ള നിയമങ്ങൾക്ക് അതീതമായി കേസുകളിൽ ഇടപെടുന്നതിനും വിധിപ്രഖ്യാപനം നടത്തുന്നതിനും ന്യായാധിപൻമാർക്ക് പരിമിതികളുണ്ട്. മേൽകോടതിയിൽ ചോദ്യം ചെയ്താൽ കീഴ്‌കോടതിയുടെ വിശ്വാസ്യതക്ക് തന്നെ മങ്ങലേൽക്കാം. നിയമനിർവഹണ ചുമതലയുള്ള പോലീസിനാണ് ഇക്കാര്യത്തിൽ പ്രധാന ഉത്തരവാദിത്തം. ആതിരയുടെ കൊലപാതകത്തിലൂടെ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കിയത്. ഇത്തരം കേസുകളിൽ കുറ്റാരോപിതർ കുറ്റവാളികളാണെന്ന് ഉത്തമ ബോധ്യം വന്നാൽ അയാൾക്ക് ശിക്ഷ ലഭിക്കണമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. പോലീസ് കണ്ടെത്തിയയാൾ കുറ്റവാളിയല്ലെന്ന് കോടതി പറയുന്നതോടെ ആ കേസിൽ പോലീസിന് തെറ്റു പറ്റിയെന്നാണ് അർഥം. ശക്തമായ തെളിവുകൾ നൽകാൻ പോലീസിന് കഴിയാത്തതിനാൽ ഒരു കുറ്റവാളി രക്ഷപ്പെടുന്നുണ്ടെങ്കിൽ ഇരക്ക് നീതി ലഭിക്കുന്നില്ലെന്നും സമൂഹത്തിലെ മറ്റു ഇരകൾക്കും ഇതേ ഗതിയാണ് വരാനിരിക്കുന്നതെന്നുമുള്ള സന്ദേശമാണ് പരക്കുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിലെ നിയമ വ്യവസ്ഥിതിക്ക് ഭൂഷണമാകില്ല.
ആതിര കേസിൽ പ്രോസിക്യൂഷന്റെ വീഴ്ചയും വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. വിവിധ മനുഷ്യാവകാശ സംഘടനകളും സോഷ്യൽമീഡിയ ഗ്രൂപ്പുകളും പ്രോസിക്യൂഷന്റെ കഴിവുകേടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിയുടെ ബന്ധുക്കളുടെ മൊഴിയെ മാത്രം വിശ്വസിച്ച് കേസിൽ വിചാരണക്കൊരുങ്ങിയത് ഇരക്ക് നീതി ലഭിക്കുന്നതിന് തടസ്സമായെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
കൊലക്കേസ് പ്രതികളെ വെറുതെ വിടുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. കീഴ്‌കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കാനുള്ള അവസരം ഇരകളുടെ ബന്ധുക്കൾക്കുണ്ട്. എന്നാൽ ഓരോ കേസുകളും സുപ്രധാനമാണെന്നും ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള നിലപാട് പോലീസും പ്രോസിക്യൂഷനും നിലനിർത്തേണ്ടതുണ്ട്. ആ നിലപാടിൽ ക്ഷണികമായ അലംഭാവം മൂലമോ മനപൂർവമോ വെള്ളം ചേർത്താൽ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള അവസരമൊരുങ്ങും. ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും നിയമ വ്യവസ്ഥയ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്്മ കൂടിയാണത്. പോലീസിനോടും പ്രോസിക്യൂഷനോടും ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ ഈ ജാഗ്രത മതിയാകില്ല.
 

Latest News