മുൻകരുതലുകൾ ലംഘിച്ചതിന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ അൽസ്വഫ ഡിസ്ട്രിക്ടിലെ സീഫുഡ് റസ്റ്റോറന്റിൽ നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കേടായ മത്സ്യ ശേഖരം

റിയാദ് - രണ്ടാം ഘട്ട കർഫ്യൂ ഇളവ് നിലവിൽ വന്ന ഞായറാഴ്ച കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ ബാധകമാക്കാത്തതിന് ജിദ്ദയിലും മദീനയിലും തായിഫിലും വ്യാപാര സ്ഥാപനങ്ങൾ നഗരസഭകൾ അടപ്പിച്ചു. ബഖാലകൾ, മിനിമാർക്കറ്റുകൾ, റസ്റ്റോറന്റുകൾ അടക്കമുള്ള സ്ഥാപനങ്ങളാണ് അടപ്പിച്ചത്. 
ജിദ്ദയിൽ ആകെ 46 വ്യാപാര സ്ഥാപനങ്ങൾ ഞായറാഴ്ച അടപ്പിച്ചതായി ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. ജീവനക്കാരുടെയും ഉപയോക്താക്കളുടെയും ശരീര താപനില പരിശോധിക്കൽ, സാമൂഹിക അകലം ഉറപ്പു വരുത്തൽ, അണുനശീകരണികളും മാസ്‌കുകളും ലഭ്യമാക്കൽ, രോഗബാധ തടയുന്നതിനുള്ള മാർഗനിർദേശങ്ങളും ബോധവൽക്കരണങ്ങളും അടങ്ങിയ പോസ്റ്ററുകൾ പതിക്കൽ അടക്കമുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ ശാഖാ ബലദിയകൾ ശക്തമായ പരിശോധനകൾ തുടരുകയാണ്. മുൻകരുതലുകൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് സൗദി പൗരൻമാരും വിദേശികളും നഗരസഭയെ അറിയിക്കണമെന്നും എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി ആവശ്യപ്പെട്ടു. 


ഞായറാഴ്ച മദീനയിൽ 25 വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുകയും 83 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് രാവിലെ ആറു മുതൽ രാത്രി എട്ടു വരെ വ്യാപാര സ്ഥാപനങ്ങളിൽ മദീന നഗരസഭാ സംഘങ്ങൾ ശക്തമായ പരിശോധന നടത്തുന്നുണ്ട്. രാത്രി എട്ടു മണിക്കു ശേഷം ഡെലിവറി രീതിയിൽ പ്രവർത്തിക്കാൻ അനുമതിയുള്ള റസ്റ്റോറന്റുകളും വ്യാപാര സ്ഥാപനങ്ങളും ഡെലിവറിയുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്ന് മദീനാ നഗരസഭ പറഞ്ഞു. 


മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതിന് തായിഫിൽ 14 വ്യാപാര സ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു. സാമൂഹിക അകലം പാലിക്കൽ, ഉപയോക്താക്കളുടെ പ്രവേശനം ക്രമീകരിക്കൽ, ജീവനക്കാരുടെ എണ്ണം, മാസ്‌കുകളും കൈയുറകളും ധരിക്കൽ, വ്യക്തിശുചിത്വം, പൊതുശുചിത്വം, അണുനശീകരണികളും മാസ്‌കുകളും ഉപയോക്താക്കൾക്ക് ലഭ്യമാക്കൽ അടക്കമുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഫീൽഡ് സംഘങ്ങൾ ഊർജിതമായ പരിശോധനകൾ തുടരുകയാണെന്ന് തായിഫ് നഗരസഭ പറഞ്ഞു. 
അതിനിടെ, ജിദ്ദ അൽസ്വഫ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സീഫുഡ് റസ്റ്റോറന്റ് ജിദ്ദ നഗരസഭക്കു കീഴിലെ അൽസ്വഫ ബലദിയ അടപ്പിച്ചു. റസ്റ്റോറന്റിൽ കേടായ മത്സ്യം വിൽക്കുന്നതായി സൗദി പൗരൻ നഗരസഭയിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും പങ്കാൡത്തത്തോടെ സ്ഥാപനത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കേടായതും ഉപയോഗശൂന്യവുമായ 250 കിലോയിലേറെ മത്സ്യം കണ്ടെത്തി. ഇവ അധികൃതർ നശിപ്പിച്ചു. മറ്റേതാനും നിയമ ലംഘനങ്ങളും റസ്റ്റോറന്റിൽ കണ്ടെത്തിയതായി ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു.


കിഴക്കൻ പ്രവിശ്യയിൽ 17 വ്യാപാര കേന്ദ്രങ്ങളും സൂഖുകളും അശ്ശർഖിയ നഗരസഭ അടപ്പിച്ചു. നിശ്ചിത പരിധിയിൽ കൂടുതൽ ഉപയോക്താക്കൾക്ക് പ്രവേശനം നൽകിയതിന് പതിമൂന്നു സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. രോഗവ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള മുൻകരുതലുകൾ ലംഘിച്ച് പരിധിയിൽ കൂടുതൽ തൊഴിലാളികൾ താമസ സ്ഥലങ്ങളിൽ കഴിയുന്നതായി കണ്ടെത്തിയതിന് ആറു കമ്പനികൾക്കും പിഴ ചുമത്തി. 
കർഫ്യൂ സമയത്ത് തുറന്ന് പ്രവർത്തിച്ചതിന് 29 സ്ഥാപനങ്ങൾക്കും നഗരസഭ പിഴ ചുമത്തി. അനുമതിയില്ലാത്ത സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് രണ്ടു സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയതായി അശ്ശർഖിയ നഗരസഭ വക്താവ് മുഹമ്മദ് അൽസുഫ്‌യാൻ പറഞ്ഞു.

Latest News