മാനന്തവാടി- വാഹനാപകടത്തില്‍ മകന്‍ മരിച്ചതറിഞ്ഞു കര്‍ണാടകയില്‍നിന്നെത്തിയ മാതാവിനും കുടുംബാംഗങ്ങള്‍ക്കും അതിര്‍ത്തി കടക്കാന്‍ അനുവാദം ലഭിച്ചില്ല. ഞായറാഴ്ച വൈകുന്നേരം പിലാക്കാവില്‍ ചരക്കുവാഹനത്തിനടിയില്‍പ്പെട്ടു മരിച്ച പേഴുകുളത്തില്‍ ഖലീല്‍ അഹമ്മദിന്റെ ഉമ്മ ആമിനബി, സഹോദരന്‍ സബീയുള്ള, ആമിനബീയുടെ സഹോദരി നൂര്‍ അസ്മ എന്നിവര്‍ക്കാണ് ദുരനുഭവം. കേരളത്തില്‍ പ്രവേശിക്കുന്നതിനു അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ മൃതദേഹം ആംബുലന്‍സില്‍ കേരള അതിര്‍ത്തിയിലെ ബാവലിയില്‍ എത്തിച്ചാണ് മാതാവിനും കുടുംബാംഗങ്ങള്‍ക്കും കാണാന്‍ സൗകര്യം ഒരുക്കിയത്.
മൈസൂരു രാജ്‌നഗറില്‍നിന്നു രാവിലെ എട്ടോടെയാണ് ആമിനബിയും സംഘവും ബാവലി ചെക്‌പോസ്റ്റില്‍ എത്തിയത്. കര്‍ണാടകയിലെ രണ്ടു ചെക്‌പോസ്റ്റുകളില്‍ ഇവര്‍ക്കു യാത്രാതടസം ഉണ്ടായില്ല. എന്നാല്‍ പാസിന്റെ അഭാവത്തില്‍ കേരളത്തിലേക്കു പ്രവേശനം അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലായിരുന്നു ബാവലി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍. പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ കനിവുകാട്ടിയില്ല. ഒടുവില്‍ ഉച്ചക്കു ഒന്നരയോടെയാണ് മൃതദേഹം മൃതദേഹം മോര്‍ച്ചറിയില്‍നിന്നു ആംബുലന്‍സില്‍ കയറ്റി ബാവലിയിലെത്തിച്ചു മാതാവിനും മറ്റും കാണാന്‍ സൗകര്യം ഒരുക്കിയത്.
കര്‍ണാടക ചെക്‌പോസ്റ്റില്‍നിന്നു ആമിനബിയും കുടുംബാംഗങ്ങളും കേരള അതിര്‍ത്തിയിലേക്ക് നടന്നെത്തിയാണ് ഖലീല്‍ അഹമ്മദിന്റെ മൃതദേഹം കണ്ടത്. ആമിനബിയുടെ വിലാപം കണ്ടുനിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. മൃതദേഹം കണ്ടതിനുശേഷം ആമിനബിയും സംഘവും മൈസുരുവിലേക്കു മടങ്ങി.