Sorry, you need to enable JavaScript to visit this website.

പാമ്പുകൾക്ക് മാളമുണ്ട്

ഉറക്കത്തിലും ഉണർവിലും പാമ്പിനേക്കാൾ കൂടുതൽ എന്നെ സ്വാധീനിക്കുന്ന വേറൊരു ജീവിയില്ല. രോഗമായും മരണമായും ജീവനായും ഗാനമായും നൃത്തമായും ചിന്തയായും സ്വപ്‌നമായും പാമ്പ് എന്റെ ഉണ്മയിൽ ആടിക്കളിക്കുന്നു. പാമ്പിലൂടെ ആവിഷ്‌കരിക്കപ്പെടാത്ത ഒരു ഭാവമില്ല എന്നായിരുന്നു രണ്ടാഴ്ച് മുമ്പു വരെ ധാരണ.  പാമ്പിനെക്കൊണ്ടു കൊത്തിച്ച് ഭാര്യയെ കൊന്ന ഭർത്താവിന്റെ കഥ കേൾക്കും വരെ അതായിരുന്നു ധാരണ.
പാമ്പ്, എന്തെല്ലാം വേഷമാടുകയും വിഷം വമിക്കുകയും ചെയ്താലും ക്വട്ടേഷൻ കൊല ഏറ്റെടുക്കുമെന്ന് ആരെങ്കിലും വിചാരിക്കുമോ? രണ്ട് വ്യവസ്ഥകൾ നിറവേറിയാലേ അത് നടക്കൂ.  ഒന്ന്, പാമ്പിന് പകയും തനിക്കു താൻപോരിമയും ഉണ്ടാവണം.  ശത്രുവോ ഇരയോ അല്ലാത്ത ഒന്നിനെ വിഷം കേറ്റി കൊല്ലണമെന്ന വിചാരം വേരൂന്നണം. രണ്ട്, മനുഷ്യന്റെ ഇംഗിതം ചെവിക്കൊള്ളാനും അതനുസരിച്ച് വാടകപ്പണിയിൽ ഏർപ്പെടാനും കഴിയണം. കൊല്ലത്തെ കൊലയിൽ ആ വ്യവസ്ഥകൾ നിറവേറിക്കണ്ടു.


അപൂർവത്തിൽ അത്യപൂർവമെന്നു വിശേഷിപ്പിക്കപ്പെട്ടതാണ് ആ സംഭവം.  ഹിംസക്കുള്ള നിർദേശം കേട്ടറിയുക മാത്രമല്ല, മനസ്താപമില്ലാതെ അതു നിർവഹിക്കുകയും ചെയ്യുന്നത് മനുഷൈ്യകസാധ്യമാണെന്നായിരുന്നു എന്റെ സങ്കൽപം. പക്ഷേ  ക്രൂരരിൽ ക്രൂരനായ  മനുഷ്യൻ അനുഷ്ഠിക്കുന്ന വൈകൃതം എന്തും അനുകരിക്കാൻ പാമ്പിനും  കഴിയുമെന്ന് കൊല്ലത്ത് തെളിയിക്കപ്പെട്ടു. മനുഷ്യന്റെ ക്രിമിനൽ നിർദേശം മനസ്സിലാക്കാനും ബോധപൂർവം നടപ്പാക്കാനും കഴിയുമെന്ന് വരുംദിവസങ്ങളിൽ മനുഷ്യന്റെ കോടതിക്ക് കഴിഞ്ഞാലേ അപൂർവങ്ങളിൽ അത്യപൂർവത സ്ഥാപിച്ച് പാമ്പിന് വധശിക്ഷ വിധിക്കാൻ പറ്റുകയുള്ളൂ.  
രോഗമായും മരണമായും പുനർജനനമായും പാമ്പ് എന്റെ മനസ്സിൽ കുട്ടിക്കാലത്തേ ഇഴഞ്ഞു കേറിയിരുന്നു.  സത്യത്തിന്റെ തിളക്കത്തോടെ എത്രയെത്ര കെട്ടുകഥകൾ പറഞ്ഞുതന്നിരുന്നു നമ്പലാട്ട് നാരായണ മേനോൻ.  വിഷവൈദ്യനും വിദ്വാനുമായിരുന്നു നാരായണ മേനോൻ. ഏതു വിഷയത്തെപ്പറ്റിയും നീണ്ടുപോയ വിവരണത്തിനിടയിൽ അദ്ദേഹത്തിനു ചവയ്ക്കാൻ പറ്റിയ പാകത്തിൽ അടക്ക ഉരച്ചു പൊടിയാക്കിക്കൊടുക്കുകയായിരുന്നു എന്റെ ബാലദൗത്യം. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാരത തർജമ കേട്ടെഴുതിയ അനുഭവം അദ്ദേഹം ആവർജ്ജകമാക്കി. അതുപോലെ രസകരമായി കടിച്ച പാമ്പിനെ വരുത്തിക്കൊത്തിച്ച കഥയും. 


കടിയേറ്റ ആൾ എത്തുന്നതിനു മുമ്പേ കാര്യം ദൂതലക്ഷണം വഴി  വൈദ്യന് അറിയാമായിരുന്നു. ഒഴിവാക്കാൻ വയ്യാത്തതുകൊണ്ട് അവസാനത്തെ ചികിത്സ നടത്താമെന്നായി. അതോടൊപ്പം പാമ്പിന്റെ ശാപം കാരണം കുഷ്ഠരോഗം പിടിപെടാൻ പോകുന്ന വൈദ്യന് മാറിത്താമസിക്കൻ വേറൊരു വീടുണ്ടാക്കാനും ഏർപ്പാടു ചെയ്തു. ഇരുവശത്തും കട്ടുറുമ്പുകളുടെ അകമ്പടിയോടെ ഇഴഞ്ഞുവന്ന് രോഗിയുടെ മുറിവിൽനിന്ന് വിഷം വലിച്ചെടുക്കുന്ന പാമ്പിന്റെ കെട്ടുകഥ നാരായണ മേനോൻ ഹൃദ്യമാക്കി. കേട്ടറിഞ്ഞു മാത്രം അറിവുള്ള അദ്ദേഹം ഇടക്ക് ഇതും ഉദ്ധരിച്ചുവോ ആവോ?   'കുസുമേ കുസുമോൽപത്തി'...പൂവിൽ പൂ വിരിയുമെന്നു കേട്ടിട്ടേയുള്ളൂ, കണ്ടിട്ടില്ല.
കലയായും ചികിത്സയായും പ്രാർഥനയായും പാമ്പ് പ്രത്യക്ഷപ്പെട്ടത് അയൽപക്കത്തെ അമ്മു അമ്മക്കും കാർത്യായനി അമ്മക്കും ആവേശം കേറിയപ്പോഴായിരുന്നു.  ഒരിക്കലും പിഴക്കാതെ പാമ്പിൻകാവിൽ നൂറും പാലും നിവേദിച്ചിരുന്ന വീട്ടുകാരിക്ക് എന്തോ അസുഖം വന്നു. സർപ്പപൂജ വേണമെന്ന് പണിക്കർ പറഞ്ഞു.  പുള്ളുവനും കൂടെ 'കുടവും കിണ്ണവും വീണയും കൊണ്ടേ' പുള്ളുവത്തിയുമെത്തി.  പന്തത്തിന്റെ വെളിച്ചത്തിൽ വരച്ച പാമ്പിന്റെ കളത്തിലിരുന്ന് അമ്മുവും കാർത്യായനിയും നിരങ്ങിയിഴഞ്ഞു. ഗ്രാമത്തിന് ഉത്സവമായ കളം കാണാൻ രസമായിരുന്നു. വിഭ്രാന്തി മാറിയോ എന്നറിയില്ല.


ചർമരോഗവും സന്താനോൽപാദനവും പണ്ടേക്കു പണ്ടേ സർപ്പത്തിന്റെ പ്രീതിയും വിരോധവുമായി ബന്ധപ്പെടുത്തിക്കാണുന്നു. എവിടെയെല്ലാമോ അതിന്റെ പേരിൽ പൂജ നടക്കുന്നു.  നരവംശ ശാസ്ത്രത്തിൽ താൽപര്യമുള്ളവരെ പ്രത്യേകം ആകർഷിക്കേണ്ടതാണ് മണ്ണാർശാല, വിശേഷിച്ചും അവിടത്തെ ആയില്യം പൂജ.  ഉണ്ണി നമ്പൂതിരിയും ഞാനും ഭാര്യമാരും കൂടി മണ്ണാർശാലയിൽ പോകുമ്പോൾ കൗതുകത്തിൽ കൂടുതലൊന്നും തോന്നിയിരുന്നില്ല. സർപ്പക്ഷേത്രത്തിന്റെ ഊരാളരിൽ തല മൂത്ത അന്തർജനം വേണം പ്രധാന പൂജ കഴിക്കാൻ.  മാളക്കടുത്ത് പാമ്പിൻ മേക്കാട്ട് പാമ്പിന്റെ ആവാസമാണത്രേ. പറമ്പിൽ കേറി മടങ്ങുമ്പോൾ മടിയിൽ ഒളിച്ചു കടത്താൻ നോക്കിയ പച്ചമുളക് തുറന്നു നോക്കുമ്പോൾ മുഴുവനും പാമ്പിൻ കുട്ടികളായിരുന്നുവത്രേ. ഒരിക്കൽ സൊറ പറയുന്നതിനിടെ  അതിനെപ്പറ്റി ചോദിച്ചപ്പോൾ, പാമ്പിൻ മേക്കാട്ടെ മകനായ കെ.ആർ. വർമ്മ അരികിലിരുന്ന ഗ്ലാസ് വലിച്ചുകുടിച്ചു.  പിന്നെ കേട്ടത് നീണ്ട പൊട്ടിച്ചിരിയായിരുന്നു. 


ഗർഭം നിറഞ്ഞ തവളക്ക് പത്തി വിടർത്തി ഒരു പാമ്പ് രക്ഷ നൽകുന്നതു കണ്ടപ്പോൾ ആദി ശങ്കരാചാര്യർ ഉറപ്പിച്ചുവത്രേ, ഈ പുണ്യഭൂമി ആകണം എന്റെ ഒരു പീഠം. അതു പിന്നെ ശൃംഗേരി ആയി.  തുംഗഭദ്രയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ശൃംഗേരിയിലേക്ക് മൂകാംബികയിൽനിന്ന് കാറിൽ പോകുമ്പോൾ പട്ടാപ്പകൽ കണ്ണിൽ ഇരുട്ട് കയറി. രാജവെമ്പാലയുടെ ആവാസമത്രേ അകുംബേ എന്ന ആ വനപ്രദേശം.  മൂർഖനോളം തീക്ഷ്ണമല്ല മടിയനായ ആ മഹാന്റെ വിഷമെങ്കിലും എട്ടടി നടക്കുമ്പോഴേക്കും കടിയേറ്റയാൾ നിലംപതിക്കാൻ പോന്നതാണ് വമനം. ഒരാൾ പൊക്കത്തിൽ പത്തി നിവർത്തി നടുറോഡിൽ നിൽക്കുന്ന രാജവെമ്പാലയെ നേരിട്ട കഥ എം.വി രാഘവൻ പറഞ്ഞു കേട്ടിരുന്നു. രാഷ്ട്രീയ നേതക്കന്മാരിൽ പാമ്പുകളുമായി ഏറ്റവും അടുത്തിടപഴകിയിരുന്നത് എം.വി.ആർ ആണല്ലോ. മാർക്‌സിസ്റ്റ്   പാർട്ടി വിട്ടപ്പോൾ അദ്ദേഹം വളർത്തിയിരുന്ന രാജവെമ്പാലകളെ പഴയ സഖാക്കൾ തീയിട്ടു കൊന്നു. പകരം ഒരു 'നാഗവിഹാരം' മൈസൂരിലോ കണ്ണൂരിൽ തന്നെയോ തുടങ്ങുന്ന കാര്യം ബംഗളൂരിലെ ചില ചങ്ങാതിമാരുമായി ആലോചിക്കുകയുണ്ടായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നാഗോത്സവം നടത്താനും പരിപാടിയിട്ടു. പല നല്ല ആലോചനകളെപ്പോലെ അതും കണ്ണിൽ ഒതുങ്ങിയതേയുള്ളൂ. 
പൗരാണികമായ ഒരു രാജവെമ്പാലക്ക് അസുരന്മാരും സുരന്മാരും- മനുഷ്യർ അന്ന് മുതിർന്നിട്ടില്ല- മത്സരിച്ചു പങ്കെടുത്ത മഹാമന്ഥനത്തിൽ വലിയ വേഷം കെട്ടി. മന്ഥനത്തിൽ കടവൽ തിരിക്കുന്ന കയറാകാൻ നാഗരാജൻ സമ്മതിച്ചു.  നാഗരാജനെപ്പോലും ഉള്ളിളക്കും മട്ടിലായിരുന്നു മന്ഥനം. ഇളയിൽ  ഇളകി വീഴുമായിരുന്ന സ്രവം, ഭൂമിയെ രക്ഷിക്കാൻ വേണ്ടി ശിവൻ കൈ നീട്ടി  വാങ്ങി  വിഴുങ്ങും മുമ്പ് പാർവതി കഴുത്തിൽ കേറിപ്പിടിച്ചു. അങ്ങനെ ശിവന്റെ കണ്ഠം നീലയായി.  


പാമ്പ് ശിവന് ആഭരണമായിരുന്നു.  വിഷ്ണുവിന് ശയ്യയും.  ബ്രഹ്മാവിനെ ഇപ്പോൾ ഗൗനിക്കേണ്ട.  പുള്ളിക്കാരൻ എപ്പോഴും സൃഷ്ടികർമത്തിലാവും- ബ്രഹ്മാണ്ഡമെന്ന കുടത്തിനുള്ളിൽ സ്വയം നിയോഗിച്ച കുംഭാരനെപ്പോലെ എന്ന് സരസനായ ബുദ്ധകവി.  
പാമ്പും കോണിയുമായുള്ള ശിവന്റെയും വിഷ്ണുവിന്റെയും കളി കണ്ട് ലക്ഷ്മിയും പാർവതിയും കൂടെക്കൂടെ ശണ്ഠ കൂടുമായിരുന്നു. അതിൽ ഒരു വരി ഇങ്ങനെ: '...നിൻ മണാളൻ ചൂടില്ലേ പന്നഗത്തെ, ശരി, തവ കണവൻ പാമ്പിലല്ലേ കിടപ്പ്...'
പന്നഗവും കണവനും കിടപ്പും ആകുമ്പോൾ എവിടെയോ എന്തെല്ലാമോ കൂടിക്കുഴയുന്നതു പോലെ തോന്നും. ആദിമ പാപത്തിന്റെ ജൈവോപകരണമായി പാമ്പിനെ പ്രതിഷ്ഠിച്ചു കാണുന്നു.  ബൈബിളിലെ ആ പാപചിന്ത അതേ രീതിയിൽ മറ്റു മതഗ്രന്ഥങ്ങളിൽ കടന്നുവരുന്നില്ല.  പലയിടത്തും സർപ്പം ആരാധനാമൂർത്തി തന്നെ.  


അൽപം വ്യത്യസ്തമാണ് സിഗ്മണ്ട് ഫ്രോയ്ഡിന്റെ മനോന്മണീയത്തിൽ സർപ്പത്തിനുള്ള സ്ഥാനം.  രതി ആയിരുന്നല്ലോ ആ ജർമൻ സിരാശാസ്ത്രജ്ഞന്റെ ചിന്തയുടെ കേന്ദ്രം.  ഉന്മാദം ഉണർത്തുന്ന പ്രതീകമായി ആ ചിന്താസഞ്ചയത്തിൽ പാമ്പ്.  മനുഷ്യ ഭാവം നിർദ്ധാരണം ചെയ്യുന്ന രതിയുടെ രീതിക്ക് വെല്ലുവിളി ഉയർന്നിട്ടുണ്ടെങ്കിലും ഫ്രോയ്ഡിന്റെ പ്രാമാണ്യം ഇന്നും അംഗീകരിക്കപ്പെടുന്നു.  
കേരളത്തിലെ വിഷപ്പാമ്പുകളെ ജീവശാസ്ത്രപരമായ ഗവേഷണത്തിനു വിധേയമാക്കി ഡോക്ടർ കെ.ജി. അടിയോടി.  മറ്റു ചിലർ അനൗപചാരികമായ അന്വേഷണത്തിന്റെ ഭാഗമായി നാഗഭൂമിയിലേക്കെത്തി.  
ആ നാഗാലാന്റും നായന്മാരുടെ പ്രദേശവും തമ്മിലുള്ള ചാർച്ച പേരിലെ ഒരുമയിൽ ഒതുങ്ങുന്നതാണോ എന്ന് ഇനിയും തെളിയേണ്ടിയിരിക്കുന്നു.  എന്തായാലും നാഗഭൂമിയിൽ ഉള്ളതിനേക്കാൾ കൂടുതൽ രൂഢമൂലമായിരിക്കുന്നു കാവുകളുടെ പാമ്പു പാരമ്പര്യം.  പാമ്പുമായി ചിലർക്ക് സവിശേഷമായ ഒരു ബന്ധം ഉണ്ടാകുന്നത് എങ്ങനെയോ ആവോ?  ദുസ്തരമായ ആ വഴിയിലൂടെ സഞ്ചരിക്കാൻ മെനക്കെടാതെ വാവാ സുരേഷ് പാമ്പുപിടുത്തത്തിന്റെ കലയും ശാസ്ത്രവും മുന്നോട്ടു കൊണ്ടുപോകുന്നു.  


ദേവഗാന്ധാരിയിൽ 'ക്ഷീരസാഗരശയന' എന്നു തുടങ്ങുന്ന കീർത്തനം കേട്ടാൽ പാമ്പോ പാമ്പാട്ടിയോ രസിച്ചു തലയാട്ടുമെന്നാണ് സങ്കൽപം. പാമ്പിനു ചെവിയില്ല എന്ന ജീവശാസ്ത്ര സത്യം ആ സങ്കൽപവുമായി ഉരസിനിൽക്കുന്നു.  മനുഷ്യ സങ്കൽപവും സർപ്പഭാവവും സന്ധിച്ചാലേ കൊല്ലത്തു നടന്നതുപോലെ പാമ്പിനെ പറഞ്ഞുവിട്ട് ഭാര്യയെ കൊല്ലിക്കാൻ പറ്റൂ. ആ വഴിയേ ഉള്ള അന്വേഷണവും പരീക്ഷണവും ഇനി കോടതിയിലും ലബോറട്ടറിയിലും വീക്ഷിക്കാം. 
ശാസ്ത്രം കണ്ണു തുറക്കും മുമ്പേ തുടങ്ങിയതാണ് പാമ്പിനെ കരുവാക്കിക്കൊണ്ടുള്ള അസ്തിത്വ ചിന്ത.  പാമ്പും കയറുമാണ് അതിലെ ഉരുപ്പടികൾ.  രാജാ റാവു ആ പേരിൽ ഒരു നോവൽ തന്നെ എഴുതി.  പാമ്പും കയറും - ദ സെർപന്റ് ആന്റ് ദ റോപ്.  കയർ എന്നു തോന്നുന്നത് പാമ്പ് ആകാം. പാമ്പിനെ കയർ എന്നു തെറ്റിദ്ധരിക്കാം. മനുഷ്യന്റെ സത്യബോധവും യാഥാർഥ്യ ദർശനവും കൂടിക്കുഴയുന്നതാണ് ഈ പ്രകരണം. കൊല്ലത്തെ ക്രൂരതയെക്കൂടി ബന്ധപ്പെടുത്തുകയാണെങ്കിൽ പുതിയൊരു നര-രജ്ജു-സർപ്പസിദ്ധാന്തം അവതരിപ്പിക്കാം. 

Latest News