കോഴിക്കോട്- കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ കേരളത്തില്‍ ആകെ മരണം പത്തായി.
മാവൂര്‍ സ്വദേശിനി സുലൈഖ (56) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഈ മാസം 20 ന് റിയാദില്‍നിന്നെത്തിയതാണ്. ഹൃദ്രോഗിയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ രണ്ട് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേരുടെ ഫലം നെഗറ്റീവായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായ ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയായ, 23 വയസ്സുള്ള കൊടുവള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മെയ് 18ന് ഖത്തറില്‍ നിന്ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മെയ് 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.
രണ്ടാമത്തെ വ്യക്തി 36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ്. മെയ് 27ന് ദുബായില്‍ നിന്നു വിമാനമാര്‍ഗം കണ്ണൂരിലെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് മെയ് 29ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവപരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. രണ്ട് പേരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ രോഗമുക്തരായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒരാളുമാണ് രോഗവിമുക്തരായത്. ഇപ്പോള്‍ 34 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 16 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 14 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
ഇതുകൂടാതെ മൂന്ന് കാസര്‍ഗോഡ് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.
ഇന്നലെ 257 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4993 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4600 എണ്ണം നെഗറ്റീവാണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 310 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.