കശ്മീരില്‍ ഐ.എ.എസ് ഓഫീസര്‍ക്ക് കോവിഡ്; നിരവധി ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി ഉദ്യോഗസ്ഥര്‍ സ്വയം നിരീക്ഷണത്തിലായി. ഇദ്ദേഹത്തോടൊപ്പം ശനിയാഴ്ച ഉന്നത തല യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.
അതിനിടെ, ആന്ധ്രപ്രദേശില്‍ 110 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3571 ആയി. പുതുതായി രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 62 ആയി.
മധ്യപ്രദേശില്‍ 55 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 3486 ഉം മരണസംഖ്യ 132 ഉമായി.
ഒഡീഷയില്‍ 129 പുതിയ കോവിഡ് കേസുകള്‍ സ്ഥരീകരിച്ചതോടെ മൊത്തം കേസുകള്‍ 1949 ഉം ആക്ടീവ് കേസുകള്‍ 889 ഉമായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുച്ചേരിയില്‍ ജിപ്‌മെറിലെ ഒരു ഡോക്ടറടക്കം എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആക്ടീവ് കേസുകള്‍ 46 ആണ്. മണിപ്പൂരില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കേസുകള്‍ 66 ആയി. നാഗാലാന്‍ഡില്‍ ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയ ഏഴുപേര്‍ക്ക് കോവിഡ് ഫലം പോസിറ്റീവായി. നാല് പേര്‍ കൊഹിമയിലും മൂന്നു പേര്‍ ദിമാപുരിലുമാണ് തിരിച്ചെത്തിയത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ആണെന്ന് ആരോഗ്യ മന്ത്രി പങ്‌ന്യു ഫോം പറഞ്ഞു.

 

Latest News