ന്യൂദല്‍ഹി- ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കടമ സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും ഇതു നല്‍കാന്‍ കോടതി ഉത്തരവിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ നിയമപരമായി കര്‍ശനമായി നേരിടണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ നടപടി ചട്ട പ്രകാരം ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം ഉള്‍പ്പെടെ എല്ലാ കുറ്റകൃത്യങ്ങളിലും ഇരകളാക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പദ്ധതി സംസ്ഥാനങ്ങള്‍ തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് തഹ്‌സീന്‍ എസ് പുനവാല, മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്ന് സമര്‍പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മുതിര്‍ന്ന അഭിഷാകരായ ഇന്ദിര ജയ്‌സിങ്, കപില്‍ സിബല്‍ എന്നിവരാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായത്.
നിയമ ലംഘകരുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് പ്രത്യേക പദ്ധതി വേണമെന്ന് ജയ്‌സിങ് വാദിച്ചു. ഹരിയാനയില്‍ ട്രെയ്‌നില്‍ കൊല്ലപ്പെട്ട ജുനൈദിനുണ്ടായ അനുഭവം അവര്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം സ്വാഭാവികമായും നടക്കേണ്ട ഒരു പ്രക്രിയ ആക്കിമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജസ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്റെ അനുഭവവും ജയ്‌സിങും സിബലും കോടതിയില്‍ ബോധിപ്പിച്ചു. ഇരകളാക്കപ്പെടുന്നവര്‍ക്ക് നീതി തടയുന്നതിനു പുറമെ അവരെ എതിര്‍ പരാതികള്‍ കൊടുത്ത് പീഡിപ്പിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും പ്രത്യേക ഓഫീസര്‍മാരെ നിയമിക്കണമെന്ന സെപ്തംബര്‍ ആറിന് പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 31-നം ഈ നിയമനങ്ങള്‍ നടക്കണമെന്നാണ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.