Sorry, you need to enable JavaScript to visit this website.

വിശ്വാസികളുടെ മനം കുളിർന്നു; ജാഗ്രത കൈവിടാതെ വീണ്ടും പള്ളികൾ സജീവം

ജിദ്ദ - കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ രണ്ടു മാസത്തിലേറെയായി അടച്ചിട്ട പള്ളികളുടെ വാതിലുകൾ ഇന്ന് വീണ്ടും വിശ്വാസികൾക്ക് മുന്നിൽ തുറന്നു. താമസ സ്ഥലത്ത് തന്നെ നമസ്‌കരിക്കുന്നതാണ് നല്ലത് എന്ന് മുഴങ്ങിക്കേട്ടിരുന്ന ബാങ്കിലെ വരികൾ ഇന്ന് സുബഹിയോടെ ഇല്ലാതായി. കരുതലും ജാഗ്രതതുമായി വിശ്വാസികൾ ഒരിക്കൽ കൂടി നാഥനെ വണങ്ങാൻ വിശുദ്ധഗേഹത്തിലെത്തി. സുബഹി നമസ്‌കാരത്തിന് നിരവധി പേർ പളളികളിൽ എത്തിയിരുന്നു. 90,000ത്തോളം വരുന്ന പള്ളികളാണ് ഇന്ന് സുബഹിയോടെ തുറന്നത്. ഉന്നത പണ്ഡിതസഭയുടെ മതവിധിയുടെ അടിസ്ഥാനത്തിലാണ് രണ്ടു മാസത്തിലധികം മുമ്പ് കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് രാജ്യത്തെ മസ്ജിദുകൾ അടച്ചത്. ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ചാണ് മസ്ജിദുകൾ വീണ്ടും തുറന്നത്. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കേണ്ടതിനെ കുറിച്ച് വിശ്വാസികളെ മന്ത്രാലയം ശക്തമായി ബോധവൽക്കരിച്ചു. ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഓൺലൈൻ പത്രങ്ങളിലൂടെയും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വഴിയുമാണ് മന്ത്രാലയം വിശ്വാസികളെ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണം ഊർജിതമാക്കിയിരിക്കുന്നത്.

പള്ളികളിലേക്ക് വരുന്നവര്‍ മാസ്ക് ധരിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളിൽ വെച്ച് അംഗശുദ്ധി വരുത്തണമെന്നും മസ്ജിദുകളിലേക്ക് പുറപ്പെടുന്നതിനു മുമ്പും പള്ളികളിൽ നിന്ന് തിരിച്ചെത്തിയ ശേഷവും കൈകൾ നന്നായി കഴുകണമെന്നും അണുനശീകരണികൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പ്രായം ചെന്നവരും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരും വീടുകളിൽ നിന്നാണ് നമസ്‌കാരങ്ങൾ നിർവഹിക്കേണ്ടത്. ഇവർ പള്ളികളിലേക്ക് വരരുത്. പതിനഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികളുമായി മസ്ജിദുകളിൽ വരരുതെന്നും സ്വന്തം മുസ്ഹഫുകൾ കൊണ്ടവരികയോ മൊബൈൽ ഫോണിലെ ഇ-മുസ്ഹഫുകൾ ഉപയോഗിക്കുകയോ ചെയ്യണമെന്നും വിശ്വാസികൾ തമ്മിൽ രണ്ടു മീറ്ററിൽ കുറയാത്ത അകലം പാലിക്കണമെന്നും സ്വന്തം നമസ്‌കാര പടങ്ങൾ കൊണ്ടുവരണമെന്നും ഇവ പള്ളികളിൽ സൂക്ഷിക്കരുതെന്നും നിർദേശിച്ചിരുന്നു. ഈ നിർദ്ദേശങ്ങളെല്ലാം പാലിച്ചാണ് പള്ളികൾ തുറന്നത്.  
റജബ് അവസാനത്തിലാണ് രാജ്യത്തെ പള്ളികൾ താൽക്കാലികമായി അടച്ചത്. അന്നുമുതൽ മുഴുവൻ മസ്ജിദുകളും ഏറ്റവും ഉയർന്ന ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അണുവിമുക്തമാക്കാനും ശുചീകരണ ജോലികൾ നടത്താനും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ് ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ മസ്ജിദുകളിൽ ഒരു കോടിയിലേറെ ചതുരശ്രമീറ്റർ വിസ്തീർണമുള്ള കാർപെറ്റുകളും ദശലക്ഷക്കണക്കിന് മുസ്ഹഫുകളും ആറു ലക്ഷത്തിലേറെ അലമാരകളും മുസ്ഹഫ് സ്റ്റാന്റുകളും 1,76,000 ലേറെ ടോയ്‌ലെറ്റുകളും അണുവിമുക്തമാക്കുകയും അണുനശീകരണ, ശുചീകരണ ജോലികൾക്ക് പള്ളികളിൽ അണുനശീകരണികളും ശുചീകരണ ഉപകരണങ്ങളും ലഭ്യമാക്കുകയും ചെയ്തിരുന്നു. മസ്ജിദുകൾ തുറക്കാനുള്ള നിർദേശം പുറത്തുവന്നതോടെ ഈ ജോലികൾ കൂടുതൽ ഊർജിതമാക്കിയിരുന്നു. 

 

Latest News