Sorry, you need to enable JavaScript to visit this website.

കോവിഡ് ഭീതിയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് കെ.എം.സി.സിയുടെ കാരുണ്യത്തിൽ നാട്ടിലെത്തി 

ഫസലുൽ ആബിദിനെ കെ.എം.സി.സി പ്രവർത്തകർ  യാത്രയാക്കിയപ്പോൾ.

ജിദ്ദ- പ്രവാസ ലോകത്തെ കോവിഡ് മഹാമാരിയുടെ ഭീതിയും ആശങ്കയും മൂലം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് തുടർ ചികിത്സാർത്ഥം കഴിഞ്ഞ ദിവസത്തെ ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തി. ജിദ്ദയിലെ ഹാരാസത്തിൽ ഒരു ബേക്കറിയിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ കൂറ്റമ്പാറ സ്വദേശി കളത്തിങ്കൽ ഫസലുൽ ആബിദിനാണ് ജിദ്ദ കെഎംസിസി പ്രവർത്തകരുടെ ഇടപെടൽ മൂലം നാട്ടിലെത്തിയത്. മാനസിക പിരിമുറുക്കവും ഉറക്കമില്ലായ്മയും കാരണം ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ചികിത്സക്കായി പ്രവേശിപ്പിച്ചുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമായിരുന്നില്ല. 


ഇന്ത്യൻ  എംബസിയുടെ പ്രയോറിറ്റി ലിസ്റ്റ് വഴി ആദ്യ ഘട്ടത്തിൽപെട്ടില്ലെങ്കിലും സാമൂഹ്യ പ്രവർത്തകരുടെ നിരന്തര ഇടപെടൽ വഴി കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചു. സഹയാത്രികനായ നിലമ്പൂർ രാമംകുത്ത് സ്വദേശി പരുത്തിക്കുന്നൻ സിദ്ദിഖാണ് യാത്രയിലുടനീളം ഫസലുൽ ആബിദിന് സഹായിയായത്. വിമാന യാത്രക്കുള്ള ടിക്കറ്റ് ജോലി ചെയ്യുന്ന സ്ഥാപനം നൽകി. കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ നൗഷാദ്, ജാഫർ മമ്പാട്, നാട്ടുകാരായ കണ്ണത്ത് സക്കീർ, ചേലേടത്തിൽ അസ്‌ക്കർ, ഷാജി, അഫ്‌സൽ മുണ്ടശ്ശേരി, ഉബൈദ്, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്, അഹമ്മദ് കുട്ടി ഇല്ലിക്കൽ, ഷെരീഫ് തങ്ങൾ എന്നിവരുടെ അവസരോചിതമായ ഇടപെടലുകളിലും പരിചരണത്തിലുമായിരുന്നു ഫസലുൽ ആബിദ് ജിദ്ദയിൽ കഴിഞ്ഞിരുന്നത്. 
അടിയന്തര ചികിത്സക്കുള്ള സൗകര്യങ്ങളും  നാട്ടിലേക്കുള്ള യാത്രക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റു അനുബന്ധ കാര്യങ്ങളും ജിദ്ദ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ ജലീൽ ഒഴുകൂർ, നാസർ ഒളവട്ടൂർ, ജുനൈസ് കെ.ടി, അബൂട്ടി പള്ളത്ത്, സുബൈർ വട്ടോളി, മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്.  
ഫസലുൽ ആബിദിന് തുടർചികിത്സക്ക് ആവശ്യമായ ഫണ്ട് സമാഹരണം ഹുസൈൻ ചുള്ളിയോട്, ജലീൽ മാടമ്പ്ര, മുനീർ ടി.പി, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക പ്രവാസി കൂട്ടായ്മയായ ജാപ്പയിലൂടെ നടന്നുവരികയാണ്. 

 

 

Tags

Latest News