Sorry, you need to enable JavaScript to visit this website.

ചിത്രീകരണം പാതിവഴിയില്‍, താരങ്ങള്‍ പ്രതിഫലം വെട്ടികുറക്കണമെന്ന് മണിരത്‌നം

ചെന്നൈ-കോവിഡ് മൂലം രണ്ടുമാസമായി സിനിമാ വ്യവസായവും പ്രതിസന്ധിയിലാണ്. സിനിമയിലെ പ്രതിസന്ധി ഉടനൊന്നും തീരാനും പോകുന്നില്ല. കോവിഡ് കാലത്ത് ഏറെ നഷ്ടം നേരിടേണ്ടി വന്ന മേഖലയാണ് സിനിമ മേഖല. സിനിമാ വ്യവസായം പഴയ പടിയാകുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണമെന്നാണ് സംവിധായകന്‍ മണിരത്‌നം വ്യക്തമാക്കുന്നത്.

മണിരത്‌നത്തിന്റെ വാക്കുകള്‍:

സിനിമാ വ്യവസായം പഴയ പടിയുന്നത് വരെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലെങ്കില്‍ ഈ സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ മുന്‍പോട്ട് വരില്ല. തിയേറ്ററില്‍ ആളുകള്‍ വന്നെങ്കില്‍ മാത്രമേ ബിഗ് ബജറ്റ് സിനിമകളുടെ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാനാകൂ. തിയേറ്ററുകള്‍ തുറന്നാലും ജനങ്ങള്‍ പേടികൂടാതെ വന്നു തുടങ്ങാന്‍ പിന്നെയും സമയമെടുക്കും. സര്‍ക്കാറും സിനിമയ്ക്ക് സഹായവുമായി മുന്നോട്ട് വരണം.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചെറിയ സിനിമകള്‍ക്ക് അനുഗ്രഹമാണ്. എന്നിരുന്നാലും തിയേറ്റര്‍ അനുഭവം അവിടെ നിന്ന് ലഭിക്കില്ല. മധ്യവര്‍ഗ കുടുംബാംഗങ്ങളും സ്ത്രീകളുമാണ് ഒടിടി പ്ലാറ്റ്‌ഫോമുകളെ കൂടുതലും ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ തിയേറ്ററുകളില്‍ വരുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം പാതി വഴിയിലാണ്. പത്താം നൂറ്റാണ്ടാണ് കഥാ പശ്ചാത്തലം. ആ സിനിമയ്ക്ക് വലിയ ആള്‍ക്കൂട്ടം ആവശ്യമാണ്. അതെങ്ങനെ പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല. എന്തു തന്നെ സംഭവിച്ചാലും ഞാനത് ചെയ്തിരിക്കും. സമയം എടുക്കുമെന്നറിയാം. കോവിഡ് പശ്ചാത്തലത്തില്‍ സിനിമാസെറ്റുകളില്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും.
 

Latest News