Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി ബഡായി ബംഗ്ലാവിലിരുന്ന് വാഗ്ദാനം നൽകുന്നു-ചെന്നിത്തല

തിരുവനന്തപുരം - പ്രവാസികൾക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്ന് വൈകുന്നേരങ്ങളിലെ   ബഡായി ബംഗ്ലാവിലിരുന്നു പറയുന്ന മുഖ്യമന്ത്രിക്ക്  ഈ വിഷയത്തിൽ  യാതൊരു  ആത്മാർത്ഥതയുമില്ലെന്ന്  വ്യക്തമായതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രഖ്യാപനങ്ങൾ പലതും പാഴ്‌വാക്കായി മാറുന്നു. പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം  സെക്രട്ടേറിയറ്റിനുമുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.  
കൊറോണ ബാധിച്ച് നൂറിലേറെ മലയാളികളാണ് ഗൾഫിൽ മരിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ദുർബല കുടുംബങ്ങളിലെ ഏക അത്താണികളാണ്. ഇവരുടെ കുടുംബങ്ങൾക്ക് പ്രത്യേകം സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗൾഫിൽ എത്തുമ്പോൾ നമുക്ക് എന്നും ആഥിത്യം  അരുളിയിട്ടുള്ളവരാണ് പ്രവാസികൾ. ദുരിത ബാധിതരായി അവർ നാട്ടിൽ മടങ്ങിയത്തിയപ്പോൾ  അവരുടെ കൈയിൽനിന്നും ക്വാറന്റൈൻ ഫീസ് വാങ്ങാനുള്ള തീരുമാനം ക്രൂരതയാണ്. ഇവരെന്നും കേരളത്തിന്റെ നട്ടെല്ലായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറന്നുപോകുന്നു. പ്രളയം വന്നപ്പോൾ കൈയ്യയച്ച് സഹായിച്ചവരാണ് പ്രവാസികൾ. അവർ അയച്ച കോടികൾ ഇപ്പോഴും സർക്കാരിന്റെ ദുരിതാശ്വാസഫണ്ടിൽ ഉണ്ട്. കൊറോണ വന്നപ്പോഴും പ്രവാസികൾ സഹായിച്ചു. ഇതെല്ലാം വാങ്ങിയശേഷം അവർക്ക് ഒരാപത്ത് വന്ന് ജോലി നഷ്ടപ്പെട്ട്, ഗൾഫിൽ നിൽക്കാനാകാത്ത അവസ്ഥയിലാണ് പലരും  വെറും കയ്യോടെ മടങ്ങുന്നത്.   നാട്ടിലെത്തുന്ന  ഇവരുടെ  കയ്യിൽനിന്നും പണം വാങ്ങാനുള്ള ധിക്കാരപരമായ നീക്കത്തിൽനിന്നും പിന്തിരിയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ബൈവ്ക്യൂ ആപ്പ് അഴിമതിയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായ ശിവശങ്കരൻ ചെയർമാനായ സമിതിയാണ് ഈ തട്ടിക്കൂട്ട് കമ്പനിയെ തെരഞ്ഞെടുത്തത്. ഇതിപ്പോൾ ആപ്പ് പ്രഖ്യാപിച്ച  സർക്കാരിന് തന്നെ ഒരാപ്പായി മാറിയിരിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു പരിചയവും ഇല്ലാത്ത സി.പി.എം സഹയാത്രികന്റെ  കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയതിനു പിന്നിൽ ദുരൂഹതയും അഴിമതിയും ഉണ്ട്. 29 ഓളം കമ്പനികൾ ടെൻഡറിൽ പങ്കെടുത്തുവെന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്.
ഇതിൽ 5 കമ്പനികളെയാണ് ശിവശങ്കരൻ ചെയർമാനായ സമിതി ചുരുക്കപ്പെട്ടികയിൽ ഉൾപ്പെടുത്തിയത്. അതിൽതന്നെ ഒരു സാങ്കേതിക നിലവാരവും ഇല്ലാത്ത കമ്പനിക്കാണ് ആപ്പ് തയ്യാറാക്കാനുള്ള അനുമതി നൽകിയതെന്ന്  വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നത്.  പ്രതിപക്ഷം എപ്പോഴും ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞാൻ ഉന്നയിച്ച ഏതെങ്കിലും ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു.
ജോലി നഷ്ടപ്പെട്ട ജീവിതം വഴിമുട്ടിയ പ്രവാസി മലയാളികളിൽനിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം അവരെ വല്ലാതെ അലട്ടി മടങ്ങുമ്പോൾ അവർക്ക് തണലാകേണ്ട സർക്കാർ ക്രൂരത കാട്ടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പ്രവാസികൾ ഇപ്പോൾ നമ്മുടെ അതിഥികളാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം. ഫീസ് ഈടാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. സർക്കാർ ഇപ്പോൾ ഇവരെ കാണുന്നത് പെയിംഗ് ഗസ്റ്റ് ആയിട്ടാണ്. ലോക കേരള സഭയ്ക്ക് വേണ്ടി ധൂർത്ത് അടിച്ച തുകയുടെ ഒരു പങ്ക് മതിയായിരുന്നു ഇവരെ സംരക്ഷിക്കാനെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ സോളമൻ അലക്‌സ് അധ്യക്ഷനായിരുന്നു. മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സൻ, മുൻമന്ത്രി വി.എസ്.ശിവകുമാർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., സി.പി.ജോൺ, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, ബാബു ദിവാകരൻ, കൊട്ടാരക്കര പൊന്നച്ചൻ, മനോജ് കുമാർ, എം.എൽ.എ.മാരായ എം.വിൻസെന്റ്, ശബരീനാഥൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. 144 പ്രഖ്യാപിച്ച പാലക്കാട് ജില്ലയിലൊഴികെ 13 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ നടന്നു.

 

Latest News