Sorry, you need to enable JavaScript to visit this website.

കളിസ്ഥലങ്ങൾ അടച്ചിടണം; റസ്‌റ്റോറന്റുകൾക്ക് പ്രവർത്തിക്കാൻ നിബന്ധനകൾ നിരവധി

റിയാദ് - റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും കുട്ടികൾക്കുള്ള പ്ലേ ഏരിയകൾ അടച്ചിടൽ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോകോൾ വ്യക്തമാക്കുന്നു. ഹുക്ക വിതരണം വിലക്കിയിട്ടുമുണ്ട്. കർഫ്യൂ സമയത്ത് അർധ രാത്രി 12 വരെ ഡെലിവറി രീതിയിൽ പ്രവർത്തിക്കാൻ റസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കും അനുമതിയുണ്ട്. 

ഭക്ഷണ പാനീയങ്ങൾ കഴിക്കുന്ന സമയത്ത് ഒഴികെ ഏതു നേരങ്ങളിലും ഉപയോക്താക്കൾ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും മാസ്‌കുകൾ ധരിച്ചിരിക്കണം. ഭക്ഷണം സപ്ലൈ ചെയ്യുന്ന സ്ഥലങ്ങളിൽ കൈകൾ അണുവിമുക്തമാക്കാനുള്ള ഹാന്റ് സാനിറ്റൈസറുകൾ ലഭ്യമാക്കൽ നിർബന്ധമാണ്. 

ഭക്ഷണം തയാറാക്കുന്നതിനു മുമ്പും ഉപയോക്താക്കൾക്ക് ഭക്ഷണം സപ്ലൈ ചെയ്യുന്നതിനു മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചു കഴിഞ്ഞ ശേഷവും ശരീര ദ്രാവകങ്ങളും സ്രവങ്ങളും സ്പർശിച്ച ശേഷവും സഹപ്രവർത്തകരെയും ഉപയോക്താക്കളെയും സ്പർശിച്ച ശേഷവും കൈയുറകൾ, മാസ്‌കുകൾ, വസ്ത്രങ്ങൾ, മാലിന്യങ്ങൾ പോലെ മലിനമാകാൻ സാധ്യതയുള്ള വസ്തുക്കൾ സ്പർശിച്ച ശേഷവും കൈയുറകളും മാസുകകളും നീക്കം ചെയ്താലുടനെയും ജീവനക്കാർ കൈകൾ നാൽപതു സെക്കന്റിൽ കുറയാത്ത നേരം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം. വെള്ളവും സോപ്പും ലഭ്യമല്ലെങ്കിൽ ഇരുപതു സെക്കന്റിൽ കുറയാത്ത നേരം അണുനശീകരണി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. 

റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പല തവണ ഉപയോഗിക്കുന്നതിനുള്ള മെനു പട്ടിക ഒഴിവാക്കി ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ള പട്ടിക ഏർപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ള ഡിസ്‌പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. അതല്ലെങ്കിൽ വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പായി അംഗീകൃത അണുനാശിനികൾ ഉപയോഗിച്ച് പാത്രങ്ങൾ നന്നായി കഴുകി ഉണക്കണം. 
വാതിൽ പിടികൾ, ടാപ്പുകൾ, സീറ്റുകൾ പോലെ ആളുകൾ കൂടുതലായി സ്പർശിക്കുന്ന വസ്തുക്കൾ എന്നിവ പതിവായി അണുവിമുക്തമാക്കണം. സ്പർശനം സാധ്യമായത്ര കുറക്കാൻ സഹായിക്കുന്ന പോംവഴികളും അവലംബിക്കണം. ടേബിളുകളിലെ തുണി വിരികൾ എടുത്തു നീക്കി, ഓരോ തവണയും ഉപയോഗിച്ചു കഴിഞ്ഞ ശേഷം വേഗത്തിലും എളുപ്പത്തിലും വൃത്തിയാക്കാൻ പറ്റുന്ന ടേബിളുകൾ ഉപയോഗിക്കണം. ഉപരിതലങ്ങൾ ആവർത്തിച്ച് അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്.

മാസ്‌കുകൾ, മുടിമറക്കുന്ന നെറ്റുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള ശരീരം മറക്കുന്ന പ്രതിരോധ വസ്ത്രങ്ങൾ പോലെ ജീവനക്കാർക്ക് പ്രതിരോധ വസ്തുക്കൾ ലഭ്യമാക്കലും നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യൽ, പാനീയങ്ങൾ തയാറാക്കൽ പോലെ അപകട സാധ്യത കൂടിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ പ്രതിരോധ വസ്തുക്കൾ പതിവായി ധരിക്കുകയും ഇടക്കിടക്ക് ഇവ മാറ്റുകയും വേണം. റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ടിഷ്യു പേപ്പറുകൾ വിതരണം ചെയ്യലും എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് ഇവ സ്ഥാപിക്കലും നിർബന്ധമാണ്. 

ടോയ്‌ലറ്റുകൾ ദിവസേന പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രണ്ടു മണിക്കൂർ ഇടവിട്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. ടോയ്‌ലറ്റുകളിൽ നല്ല വായു സഞ്ചാരം ഉറപ്പു വരുത്തുകയും ചൂട് കുറക്കുകയും വേണം. സ്പർശനത്തിലൂടെ കൊറോണ പടർന്നുപിടിക്കാതിരിക്കാൻ ഓട്ടോമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്ന ടാപ്പുകൾ ടോയ്‌ലറ്റുകളിൽ സ്ഥാപിക്കുന്നതാണ് കൂടുതൽ നല്ലത്. എയർ കണ്ടീഷനറുകളുടെ ഫിൽറ്ററുകൾ ഇടക്കിടക്ക് മാറ്റുകയും വൃത്തിയാക്കുകയും വേണം. 

ഉപയോക്താക്കൾക്കിടയിൽ ഒന്നര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ അകലം കാത്തുസൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒരു കുടുംബത്തിൽ പെട്ടവരല്ലെങ്കിൽ ഒരു ടേബിളിൽ ഇരിക്കുന്നവരുടെ എണ്ണം നാലിൽ കൂടാൻ പാടില്ല. ഭക്ഷണം തയാറാക്കുന്ന പ്രദേശത്ത് ജീവനക്കാരുടെ എണ്ണം കുറക്കുകയും സാമൂഹിക അകലം ഉറപ്പു വരുത്തുന്ന നിലക്ക് ഭക്ഷണം തയാറാക്കുന്ന സ്ഥലം പുനഃക്രമീകരിക്കുകയും വേണം. 

ടോയ്‌ലറ്റുകളിലും വാഷ്‌ബേസിനുകളിലും തിരക്ക് കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ടേബിളുകൾക്കിടയിൽ ഒന്നര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ അകലം ഉറപ്പു വരുത്തണമെന്നും വ്യവസ്ഥയുണ്ട്. ശരീര താപനില ഉയർന്ന ഉപയോക്താക്കളെയും ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരെയും റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പ്രവേശിക്കാൻ അനുവദിക്കരുതെന്നും പ്രോട്ടോകോൾ ആവശ്യപ്പെടുന്നു.

 

Latest News