'ന്യൂട്ടന്‍' ഓസ് കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക സിനിമ

മുംബൈ- 2018-ലെ ഓസ്‌കര്‍ പുരസ്‌കാര പരിഗണനയ്ക്കുള്ള ഔദ്യോഗിക ഇന്ത്യന്‍ സിനിമയായി ന്യൂട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു.  അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്ത ഈ രാഷ്ട്രീയ ഹാസ്യ സിനിമ ലോക സിനിമാ വിഭാഗത്തില്‍ മത്സരിക്കും. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി ഒറ്റക്കെട്ടായാണ് ന്യൂട്ടണെ പിന്തുണച്ചത്. 26 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നതെന്ന് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ സുപ്രന്‍ സെന്‍ പറഞ്ഞു. തെലുഗു നിര്‍മ്മാതാവ് സി വി റെഡ്ഡിയാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍.

 

രാജ്കുമാര്‍ റാവു നായകനായ ന്യൂട്ടണ്‍ ഇന്നാണ് ഇന്ത്യയിലൂടനീളം റിലീസ് ചെയ്തത്. ഓസ്‌കറിലെക്കുള്ള ഇന്ത്യയുടെ എന്‍ട്രിയായി ഈ സിനിമ തെരഞ്ഞെടുത്തതോടെ ഇന്ന ഇരട്ട ആഘോഷത്തിന്റെ ദിവസമാണെന്ന് സംവിധായകന്‍ അമിത് മസുര്‍ക്കര്‍ പറഞ്ഞു. 2014-ലെ സുലെമാനി കീഡയ്ക്കു ശേഷം അമിത് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ന്യൂട്ടന്‍.

 

സത്യസന്ധനായ ഒരു തെരഞ്ഞെടുപ്പു ഓഫീസര്‍ ഛത്തീസ്ഗഢിലെ സംഘര്‍ഷഭരിതമായ മേഖലയില്‍ സ്വതന്ത്രവും നീതിപുര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയ ഹാസ്യ കഥയാണ് ചിത്രം പറയുന്നത്. 

Latest News